Thursday, February 25, 2010

നമ്മുടെ കുഞ്ഞുങ്ങള്‍

"നാല്‍പ്പത്‌ മണിക്കൂര്‍ മുള്‍മുനയില്‍, വീടിനകത്ത്‌ വെടിയുതിര്‍ത്ത യുവാവിനെ പോലീസ്‌ കീഴ്‌പ്പെടുത്തി..."

കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന വാര്‍ത്തയാണിത്‌. M.Sc Mathematics ല്‍ ഉയര്‍ന്ന മാര്‍ക്ക്‌ നേടിയ ലഖ്‌നൗ സ്വദേശി ഷമീമിന്‌ സിവില്‍ സര്‍വ്വീസിന്‌ പഠിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ അദ്ധ്യാപനവൃത്തി തെരഞ്ഞെടുക്കുവാനുള്ള കുടുംബത്തിന്റെ നിര്‍ബന്ധം കാരണം B.Ed ന്‌ ചേരുകയായിരുന്നു. സ്വന്തം താല്‍പ്പര്യത്തിന്‌ എതിരുനിന്ന കുടുംബത്തെ ശത്രുസ്ഥാനത്ത്‌ കാണാന്‍ തുടങ്ങിയ ഷമീം കുറച്ച്‌ നാളായി വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവത്രേ.

ഇത്‌ ഷമീമിന്റെ മാത്രം പ്രശ്നമല്ല. നമ്മുടെ കുഞ്ഞുങ്ങള്‍ വിഷാദരോഗികളോ ഗുണ്ടകളോ ആയിത്തീരുകയോ, അതുമല്ലെങ്കില്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയോ ചെയ്യുന്നതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് നമ്മള്‍ മാതാപിതാക്കള്‍ക്ക്‌ ഒഴിഞ്ഞു മാറാന്‍ കഴിയുമോ?...

സ്വന്തം കുഞ്ഞുങ്ങള്‍ മറ്റുള്ളവരുടെ കുഞ്ഞുങ്ങളേക്കാള്‍ ഒരു പടി മുന്നിട്ട്‌ നില്‍ക്കണമെന്ന ആഗ്രഹം നല്ലത്‌ തന്നെ. പക്ഷേ എന്ത്‌ വില കൊടുത്തും ഒന്നാം സ്ഥാനം നേടിയേ തീരൂ എന്ന വാശിയാണ്‌ അപകടം വരുത്തി വയ്ക്കുന്നത്‌.

നമ്മുടെ സ്റ്റാറ്റസ്‌ ഉയര്‍ത്തിക്കാട്ടാനുള്ള വെറും ബിംബങ്ങളാണോ മക്കള്‍? ഒരു കുഞ്ഞ്‌ ജനിക്കുമ്പോഴേ അവന്‍/അവള്‍ എന്തായി തീരണമെന്ന് മാതാപിതാക്കള്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാകും. പിന്നെ അതനുസരിച്ചായിരിക്കും കുട്ടികളെ വളര്‍ത്തുക.

ബിരുദധാരികളായ മാതാപിതാക്കള്‍ പോലും പത്താം ക്ലാസ്സിലെ പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കാനുള്ള "ധൈര്യം" കാണിക്കുന്നില്ല. തങ്ങളുടെ ആത്മവിശ്വാസക്കുറവ്‌ കാരണം വന്‍തുക ഫീസ്‌ നല്‍കി മക്കളെ ട്യൂഷന്‍ സെന്ററിലേക്ക്‌ ഓടിക്കുന്നു. ഇരട്ടി പഠനഭാരവുമായി കുട്ടികള്‍ കിതയ്ക്കുന്നു. കുട്ടി ഒന്നാം സ്ഥാനത്ത്‌ എത്തിയില്ലെങ്കില്‍ മറ്റുള്ളവരുടെ മുഖത്ത്‌ എങ്ങനെ നോക്കുമെന്ന വ്യഥയാണ്‌ പലര്‍ക്കും.

പത്താം ക്ലാസ്സ്‌ കഴിഞ്ഞാലോ, എങ്ങനെയും മെഡിസിന്‍ അല്ലെങ്കില്‍ എന്‍ജിനീയറിംഗ്‌ കോഴ്‌സിന്‌ സീറ്റ്‌ ഉറപ്പിക്കാനുള്ള നെട്ടോട്ടമാണ്‌. ഇവരുടെ ഈ അത്യാഗ്രഹം മുതലെടുത്ത്‌ കൂണ്‌ പോലെ മെഡിക്കല്‍ കോളേജുകളും എന്‍ജിനീയറിംഗ്‌ കോളേജുകളും ഉണ്ടാകുവാനും തുടങ്ങി. അത്തരം കോളേജുകള്‍ക്ക്‌ ഗവണ്മന്റ്‌ അംഗീകാരം ഉണ്ടോയെന്ന് പോലും ചിന്തിക്കാന്‍ പലരും മെനക്കെടാറില്ല. വന്‍തുക നല്‍കി ഒരു "മേടിക്കല്‍" കോളേജില്‍ സീറ്റ്‌ ഉറപ്പിച്ചാലേ മാതാപിതാക്കളുടെ വര്‍ഷങ്ങള്‍ നീണ്ട നെട്ടോട്ടത്തിന്‌ ഒരു അറുതിയുണ്ടാകുകയുള്ളൂ.

പക്ഷേ, ഇതിനിടയില്‍ നമ്മള്‍ മറന്ന് പോകുന്ന ഒരു പ്രധാന കാര്യമുണ്ട്‌. വന്‍തുക നല്‍കി നമ്മള്‍ വാങ്ങിക്കൊടുക്കുന്ന ഈ സ്ഥാനങ്ങളിലേക്ക്‌ നമ്മുടെ കുഞ്ഞുങ്ങള്‍ സന്തോഷത്തോടെയാണോ കടന്ന് ചെല്ലുന്നത്‌? അവരുടെ താല്‍പ്പര്യം എന്തായിരുന്നുവെന്ന് ഈ കടന്നുപോയ വര്‍ഷങ്ങളില്‍ എപ്പോഴെങ്കിലും നമ്മള്‍ ചോദിച്ചിട്ടുണ്ടോ? കണക്കില്‍ താല്‍പ്പര്യമില്ലാത്തവരെ എന്‍ജിനീയറിംഗ്‌ കോളേജിലും രക്തം കണ്ടാല്‍ തലകറങ്ങുന്നവരെ മെഡിക്കല്‍ കോളേജിലും പറഞ്ഞുവിട്ടാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് എത്ര അച്ഛനമ്മമാര്‍ ചിന്തിച്ചിട്ടുണ്ടാകും? ഇഷ്ടമില്ലാത്ത വിഷയം പഠിക്കേണ്ടി വരുന്ന കുട്ടികള്‍ പലപ്പോഴും പഠനം പകുതി വച്ച്‌ നിറുത്തിപ്പോകുന്നവരോ, ഒരിക്കലും ജയിക്കാനിടയില്ലാത്ത പേപ്പറുകള്‍ എഴുതിയെഴുതി മുരടിക്കുന്നവരോ ആയിത്തീരും.

ഇനിയെങ്കിലും നമുക്ക്‌ നമ്മുടെ മക്കള്‍ക്ക്‌ വേണ്ടി ചിന്തിച്ചു കൂടേ? അവര്‍ നല്ല വ്യക്തികളായി വളരാന്‍ വേണ്ട കുടുംബാന്തരീക്ഷം ഉണ്ടാക്കി കൊടുത്ത്‌ നന്മ നിറഞ്ഞവരായി വളരാന്‍ അനുവദിച്ചു കൂടേ? കുഞ്ഞുങ്ങള്‍ നമ്മളെപ്പോലെ വ്യക്തികളാണെന്നും അവര്‍ക്കും സ്വന്തം താല്‍പ്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഉണ്ടെന്നും മനസ്സിലാക്കാന്‍ ഇപ്പോഴും നമുക്ക്‌ കഴിയുന്നില്ല. കുട്ടികളുടെ സ്ഥാനത്ത്‌ നിന്ന് ചിന്തിച്ചാല്‍ അവരുടെ പല പ്രശ്നങ്ങളും മാതാപിതാക്കന്മാര്‍ക്ക്‌ തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. ഇത്‌ വഴി മക്കളുമായി ഒരു ദൃഢബന്ധം ഉണ്ടാക്കുവാന്‍ അച്ഛനമ്മമാര്‍ക്ക്‌ കഴിയും.

അവരുടെ വ്യക്തിത്വത്തെയും താല്‍പ്പര്യങ്ങളെയും മനസ്സിലാക്കി അവരോടൊപ്പം സന്തോഷത്തോടെ നമുക്കും ജീവിയ്ക്കാം. അവര്‍ തെരഞ്ഞെടുക്കുന്ന രംഗങ്ങളില്‍ അവര്‍ക്കൊപ്പം താങ്ങും തണലുമായി നമുക്ക്‌ അഭിമാനത്തോടെ നില്‍ക്കാം.

മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയല്ല, നമുക്ക്‌ വേണ്ടിയാണ്‌ നാം ജീവിക്കേണ്ടത്‌. ജീവിതം ഒന്നല്ലേയുള്ളൂ...

Saturday, February 20, 2010

വീണ്ടും ഒരു കറുത്ത ദിനം കൂടി

ഇന്ത്യന്‍ ജനതയെ ഞെട്ടിച്ചുകൊണ്ട്‌ വീണ്ടും ഒരു സ്ഫോടനം കൂടി. പൂണെയിലെ കോരെഗാവ്‌ പാര്‍ക്കിലെ പ്രശസ്തമായ ജര്‍മ്മന്‍ ബേക്കറിയിലാണ്‌ ഇക്കുറി കളി നടന്നത്‌.

"ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ..." പതിവ്‌ പോലെ കാക്കികള്‍ പാഞ്ഞത്‌ മുജാഹിദീന്റെയും സിമിയുടെയും പിന്നാലെ. എന്നാല്‍ സ്ഫോടനക്കേസിലെ ഏക ദൃക്‍സാക്ഷിയായ നേപ്പാള്‍കാരന്‍ പരശ്‌ സൂചിപ്പിച്ച 'സ്വാമി'യെ ഇതുവരെ ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലത്രേ.

സംഝോധ എക്സ്‌പ്രസ്‌ സ്ഫോടനത്തിലും മാലെഗാവ്‌ സ്ഫോടനത്തിലും തെളിഞ്ഞുകണ്ട ഹൈന്ദവ തീവ്രവാദ സംഘടനകളുടെ പങ്ക്‌ ഇവിടെയും ഉണ്ടെന്ന വാദം കാക്കികള്‍ ഗൗനിക്കുന്നതേയില്ല.

അല്ലെങ്കില്‍ത്തന്നെ പച്ചകളുടെയും കാവികളുടെയും പിന്നിലെ യഥാര്‍ത്ഥ ശക്തി ഒന്നായിരിക്കുമ്പോള്‍ അവരെ വേര്‍തിരിച്ച്‌ കാണേണ്ടതില്ലല്ലോ. FBIയുടെയും മൊസ്സാദിന്റെയും അവരെ നിയന്ത്രിക്കുന്ന ആയുധ കച്ചവടക്കാരുടെയും പങ്ക്‌ സംശയിച്ചാല്‍ പിന്നെ ഹേമന്ത്‌ കര്‍ക്കരെയുടെ അനുഭവമായിരിക്കുമല്ലോ ഉണ്ടാകുക.

ഓരോ സ്ഫോടനത്തിനു ശേഷവും വന്‍ ആയുധക്കച്ചവടമാണ്‌ നടക്കുന്നതെന്ന് എന്നാണ്‌ നമ്മള്‍ മനസ്സിലാക്കുക...?

ഓരോ സ്ഫോടനത്തിലും ഇരകളാകുന്ന നിരപരാധികളെക്കുറിച്ച്‌, അവരുടെ കുടുംബങ്ങളെക്കുറിച്ച്‌ എത്ര പേര്‍ക്ക്‌ ചിന്ത ഉണ്ടാകും...?

അതൊക്കെ ചിന്തിക്കാന്‍ നമുക്കെവിടെയാണ്‌ സമയം...? ആ സമയം കൊണ്ട്‌ അടുത്ത്‌ നില്‍ക്കുന്ന സഹോദരനെ വര്‍ഗ്ഗീയതയുടെ പേരില്‍ ഇല്ലാതാക്കുന്നതല്ലേ എളുപ്പം...