Wednesday, April 28, 2010

നമുക്ക്‌ ജീവിക്കാം

അപ്രതീക്ഷിതമായി നടന്‍ ശ്രീനാഥിന്റെ മരണം അറിഞ്ഞപ്പോള്‍ വല്ലാത്ത നൊമ്പരമാണ്‌ മനസ്സിനുണ്ടായത്‌. എന്നാല്‍, ജീവിതം എന്താണെന്ന് അറിയാന്‍ തുടങ്ങിയപ്പോള്‍ തന്നെ അനാഥത്വത്തിന്റെ കയ്പ്പ്‌ രുചിക്കേണ്ടിവന്ന അദ്ദേഹത്തിന്റെ മകന്റെ മുഖമാണ്‌ കൂടുതല്‍ വേദനിപ്പിച്ചത്‌. അത്തരം അനുഭവങ്ങളിലൂടെ കടന്ന് പോയവര്‍ക്ക്‌ ഒരിക്കലും മറക്കാന്‍ കഴിയില്ല ഈ കുഞ്ഞുമുഖങ്ങളെ.

ഇപ്പോള്‍ സ്ഥിരം വാര്‍ത്തകളായി മാറിയിരിക്കുന്നു ആത്മഹത്യകളൂം കൂട്ടമരണങ്ങളും. എല്ലാ മരണങ്ങളും ദുഃഖകരമാണെങ്കിലും മനഃപൂര്‍വ്വമുള്ള മരണങ്ങള്‍ വേദനയോടൊപ്പം കുറ്റബോധവും ഉളവാക്കുന്നു. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്ന കുഞ്ഞുമുഖങ്ങള്‍ മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു. ലാളിച്ച കരങ്ങള്‍ തന്നെ മരണക്കുരുക്ക്‌ തീര്‍ക്കുമ്പോള്‍ ആ കുഞ്ഞുമനസ്സുകളുടെ നൊമ്പരങ്ങള്‍ ജീവിച്ചിരിക്കുന്നവരെ വേട്ടയാടുകതന്നെ ചെയ്യും. തങ്ങള്‍ക്ക്‌ ജീവിക്കാന്‍ കൊള്ളാത്ത ലോകത്ത്‌ മക്കളെ ഒറ്റയ്ക്കാക്കാതിരിക്കാന്‍ വേണ്ടിയാകാം മാതാപിതാക്കളുടെ ഈ ക്രൂരത.

തങ്ങളുടെ പ്രശ്നങ്ങള്‍ മറ്റാരോടും പറയാന്‍ കഴിയാതെ ജീവിതത്തില്‍ നിന്നും ഒളിച്ചോടാനുള്ള എളുപ്പവഴിയായിട്ടാണ്‌ ആത്മഹത്യയെ ഇവര്‍ കാണുന്നത്‌. അത്രയ്ക്കും ദുഷ്ടത നിറഞ്ഞതാണോ ഈ ലോകം?

നല്ല കുടുംബാന്തരീക്ഷം, നല്ല സുഹൃദ്ബന്ധങ്ങള്‍ ഇവയൊക്കെ നമ്മള്‍ തന്നെ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്‌. ലോകത്ത്‌ വച്ചേറ്റവും വിശ്വസിക്കാവുന്നതും പവിത്രവുമായ സുഹൃദ്ബന്ധം ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയിലാണെന്ന സത്യം മിക്ക ദമ്പതിമാരും മറന്നുപോകുന്നു. തങ്ങള്‍ക്കിടയിലെ സ്നേഹവും വിശ്വാസവും പ്രണയവുമെല്ലാം എപ്പോഴും കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന ദമ്പതിമാര്‍ക്ക്‌ എത്ര വലിയ പ്രശ്നങ്ങളേയും സധൈര്യം നേരിടാന്‍ കഴിയും.

പക്ഷേ, വില കൊടുത്ത്‌ വാങ്ങിക്കുന്ന ദാമ്പത്യം കെട്ടിപ്പടുക്കുന്നവര്‍ക്കിടയില്‍ സ്നേഹത്തിന്‌ രണ്ടാം സ്ഥാനമേ ലഭിക്കാറുള്ളൂ. ഈഗോയിസവും (ഞാനെന്ന ഭാവം) സംശയരോഗവും കൂടി ചേരുമ്പോള്‍ പ്രശ്നങ്ങള്‍ക്ക്‌ മേല്‍ പ്രശ്നങ്ങളായിരിക്കും. ഒരു പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുന്ന ഇവര്‍ക്ക്‌ തങ്ങളുടെ പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ബുദ്ധിമുട്ടാകും. അപ്പോള്‍ പിന്നെ എളുപ്പവഴി കണ്ടെത്തുകയാണ്‌ ഉചിതമെന്ന് തോന്നും.

സമ്പത്തും ജീവിത സൗകര്യങ്ങളും ഏറുമ്പോള്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാകാറുണ്ടെന്ന് തോന്നുന്നു. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ക്കായി പരക്കം പാഞ്ഞ്‌ ജീവിക്കാന്‍ മറക്കുകയാണോ നമ്മള്‍? ഇന്നത്തെ ഈ തിരക്ക്‌ പിടിച്ച ജീവിതത്തില്‍ കുടുംബാംഗങ്ങള്‍ക്ക്‌ പോലും പരസ്പരം നോക്കി ഹൃദ്യമായി ഒന്ന് പുഞ്ചിരിക്കാന്‍ കഴിയാറുണ്ടോ? എവിടേക്കാണ്‌ നമ്മുടെ ഈ ഓട്ടം? അവസാനം ഓട്ടം നിര്‍ത്തേണ്ട സമയത്ത്‌ ജീവിക്കാന്‍ മറന്ന കുറ്റബോധമായിരിക്കുമോ ബാക്കിയാകുന്നത്‌?

വിശ്രമമില്ലാതെ പണത്തിന്‌ വേണ്ടി നെട്ടോട്ടമോടുന്നവരോട്‌ എന്തിന്‌ വേണ്ടിയെന്ന് ചോദിച്ചാല്‍ കിട്ടുന്ന മറുപടി, കുടുംബത്തിന്‌ മെച്ചപ്പെട്ടൊരു ചുറ്റുപാടും വയസ്സുകാലത്ത്‌ സമാധാനമായിട്ടൊരു ജീവിതമെന്നുമായിരിക്കും.

അപ്പോള്‍ നമ്മുടെ മനോഹരമായ ചെറുപ്പകാലം ഹോമിച്ച്‌ മരണത്തോട്‌ അടുക്കുന്ന കാലത്താണോ ജീവിക്കേണ്ടത്‌? കുടുംബത്തിന്‌ മെച്ചപ്പെട്ട ജീവിത സാഹചര്യം - ഇവിടെയാണ്‌ പ്രശ്നം. എത്രത്തോളം മെച്ചപ്പെട്ടത്‌ എന്നതിനെ ആശ്രയിച്ചിരിക്കും സമ്പത്തിന്‌ വേണ്ടിയുള്ള നെട്ടോട്ടം. എത്ര കിട്ടിയാലും വീണ്ടും കുറച്ചുകൂടി എന്ന ചിന്താഗതിയാണ്‌ കുടുംബത്തിനുള്ളതെങ്കില്‍ പറയുകയും വേണ്ട. ഇന്നിപ്പോള്‍ ഭാവിതലമുറകള്‍ക്കായി സമ്പാദിച്ച്‌ വയ്ക്കുന്നതിലാണ്‌ നമുക്ക്‌ താല്‍പ്പര്യം.

ആഗ്രഹമാണ്‌ എല്ലാ ദുഃഖങ്ങള്‍ക്കും ഉറവിടമെന്നാണ്‌ ബുദ്ധവചനം. പക്ഷേ, ആഗ്രഹവും കടന്ന് അത്യാഗ്രഹത്തില്‍ എത്തി നില്‍ക്കുന്ന നമുക്ക്‌ ഇനിയെങ്കിലും ജീവിതം നശ്വരമാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഓട്ടത്തിന്റെ ആക്കം കുറച്ച്‌, ലഭിക്കുന്ന ഓരോ ദിവസവും പുണ്യദിനമായി കരുതി ഒരു ചെറുപുഞ്ചിരിയോടെ ജീവിതത്തെ അഭിമുഖീകരിക്കാം.

തങ്ങള്‍ക്കുള്ളതിനേക്കാള്‍ പ്രശ്നങ്ങള്‍ ഉള്ളവരും വേദനിക്കുന്നവരും ലോകത്ത്‌ ധാരാളമുണ്ടെന്ന സത്യം മനസ്സിലാക്കിയാല്‍ ആയുസ്സിന്റെ പകുതി വച്ച്‌ ജീവിതം നുള്ളിക്കളയാന്‍ ഒരാള്‍ക്കും തോന്നില്ല.

ഈ ലോകം മനോഹരമാണ്‌... നമ്മള്‍ സന്തോഷത്തോടും സംതൃപ്തിയോടും കൂടി നോക്കുകയാണെങ്കില്‍...