Tuesday, November 16, 2010

ഉത്സവം

"നോക്കമ്മേ... എത്ര മനോഹരമായിരിക്കുന്നു...!"

അവള്‍ക്ക്‌ സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഇതുപോലൊരു സ്വര്‍ഗ്ഗം ഭൂമിയിലുണ്ടെന്ന് ആദ്യമായി അറിയുകയായിരുന്നു അവള്‍.

ആകാശം മുട്ടെ കെട്ടിടങ്ങള്‍... നീണ്ടു പോകുന്ന പാതകള്‍... കുതിച്ചു പായുന്ന വാഹനങ്ങള്‍... ദീപങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭ... എന്തു രസം...!


കുഞ്ഞു വീടുകള്‍ മാത്രമുള്ള, ഒട്ടും വെളിച്ചമില്ലാത്ത, പൊടിക്കാറ്റടിക്കുന്ന ആ ഗ്രാമത്തില്‍ നിന്ന് ഇപ്പോഴെങ്കിലും ഇവിടെയെത്താന്‍ കഴിഞ്ഞല്ലോ. അവള്‍ സന്തോഷത്തോടെ തുള്ളിച്ചാടി അമ്മയ്ക്കരികിലെത്തി.

ഈ അമ്മയ്ക്ക്‌ എന്താ പറ്റിയത്‌...? ഗ്രാമത്തില്‍ നിന്നും പുറപ്പെട്ട നിമിഷം മുതല്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്‌. ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും ഒന്നും ഒരു സന്തോഷവുമില്ല. ഇവര്‍ക്കൊക്കെ എന്താ പറ്റിയത്‌...? നാളെ ഉത്സവമാണെന്ന ഒരു ചിന്തയുമില്ല.

പെട്ടെന്ന് അവരുടെ വണ്ടി ഒരു വലിയ മാളികയുടെ മുറ്റത്ത്‌ നിര്‍ത്തി. നിറയെ മരങ്ങളും പൂച്ചെടികളും ഉള്ള പൂന്തോട്ടം കണ്ടപ്പോഴേ അവള്‍ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. എല്ലാം ആദ്യമായി കാണുകയായിരുന്നു അവള്‍. അന്ന് മുഴുവന്‍ അവള്‍ ആ പൂന്തോട്ടത്തില്‍ കളിച്ചു നടന്നു.

പിറ്റേന്ന് പ്രഭാതത്തില്‍ അമ്മയുടെ വാത്സല്യത്തോടെയുള്ള വിളി കേട്ടാണ്‌ അവള്‍ ഉണര്‍ന്നത്‌. പുത്തനുടുപ്പുകള്‍ അണിഞ്ഞ്‌ പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക്‌ അവള്‍ ഓടിച്ചെന്നു. പുതിയ കൂട്ടുകാര്‍ക്കൊപ്പം എത്ര കളിച്ചിട്ടും അവള്‍ക്ക്‌ മതിയായില്ല.

അമ്മയുടെ വിളി കേട്ട്‌ അല്‍പ്പം ദ്വേഷ്യത്തോടെയാണെങ്കിലും അവള്‍ ഓടിച്ചെന്നു. അമ്മ അവളെ കെട്ടിപ്പിടിച്ച്‌ നെറുകയില്‍ ഉമ്മ വച്ചു.

"അമ്മേ, എന്തിനാ ഇങ്ങനെ കരയുന്നത്‌...? എത്ര സന്തോഷമുള്ള ദിവസമാണിന്ന്... ഇന്ന് ഉത്സവമല്ലേ... എന്നിട്ടും അമ്മ എന്തിനാണിങ്ങനെ കരയുന്നത്‌...?"

"എന്റെ കുഞ്ഞേ... അമ്മ പോകട്ടെ...?"

"പോകാനോ...! അമ്മ എങ്ങോട്ടാണ്‌ പോകുന്നത്‌...?"

"ഇന്ന് ഉത്സവമല്ലേ... എന്നെ കൊണ്ടുപോകാന്‍ അവര്‍ വരുന്നുണ്ട്‌..."

"ആരാ അമ്മേ...?" അവള്‍ക്ക്‌ ഒന്നും മനസ്സിലായില്ല.

അമ്മയ്ക്ക്‌ അവളുടെ ചോദ്യത്തിന്‌ മറുപടി നല്‍കാന്‍ കഴിയും മുമ്പേ മൂര്‍ച്ചയേറിയ ഒരു കത്തി വായുവില്‍ ഉയര്‍ന്ന് താണു.

മനുഷ്യരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ആ കുഞ്ഞാടിന്റെ ദീനരോദനം അലിഞ്ഞില്ലാതായി.