ലോക റെക്കോഡിലേക്ക് ഗൃഹപ്രവേശം
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ 1987 ല്‍ പണിത ആദ്യ വീട് മുതല്‍ 2010 ല്‍ അബുദാബി രാജാവിന്റെ മണ്‍കൊട്ടാരം വരെ 35,000 വ്യക്തിഗത വീടുകള്‍. ഭവന പദ്ധതിയിലും പുനരധിവാസരംഗത്തുമായി ഏഷ്യയൊട്ടാകെ ലക്ഷക്കണക്കിന് പാര്‍പ്പിടങ്ങള്‍ - ഹാബിറ്റാറ്റ് ജി.ശങ്കര്‍ എന്ന വാസ്തുശില്‍പ്പി വലതുകാല്‍ വച്ച് ലോക റെക്കോഡിലേക്ക്...
കലാകൗമുദിയില്‍ (ലക്കം ജനുവരി-9) ശങ്കര്‍ജിയെക്കുറിച്ച് വന്ന ലേഖനത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. ലോക റെക്കോഡിലേക്ക് കുതിക്കുന്ന അദ്ദേഹത്തിന് ആശംസകള്‍ നേരുന്നതിനോടൊപ്പം ഇത് ഞങ്ങള്‍ക്കും അഭിമാനത്തിന്റെ നിമിഷങ്ങള്‍... കാരണം, ശങ്കര്‍ജിയുടെ ഗ്രൂപ്പ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് വീടുകളില്‍ ഒന്ന് ഞങ്ങളുടേതാണെന്ന അഭിമാനം...
ഒരു സന്തോഷവാര്‍ത്ത കൂടി... ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ശങ്കര്‍ജിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചിരിക്കുന്നുവെന്ന വാര്‍ത്ത ടി.വിയില്‍ കാണുന്നത്.
സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ ഒരു പാര്‍പ്പിടം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സാധിക്കുമെന്ന് സ്വപ്രയത്നത്തിലൂടെ നമുക്ക് കാണിച്ചുതന്ന മഹാശില്‍പ്പിയാണ് ശങ്കര്‍ജി. വിനുവേട്ടന്‍ പറയാറുള്ളതു പോലെ, ശങ്കര്‍ജിയുടെ അഭിമുഖങ്ങള്‍ കാണുന്നത് തന്നെ ഒരു 'പോസിറ്റിവ് എനര്‍ജി' നമ്മളില്‍ നിറയ്ക്കും. നമ്മുടെ ഉള്ളിലുള്ള ധാര്‍ഷ്ട്യവും അഹങ്കാരവുമെല്ലാം ഉരുക്കി ലളിത ജീവിതത്തിന്റെ മഹത്വത്തിലേക്ക് നമ്മെ നയിക്കും, അദ്ദേഹത്തിന്റെ ഓരോ വാക്കും. നേരില്‍ കാണാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹം ഞങ്ങള്‍ക്ക് ഒരു കുടുംബാംഗത്തെ പോലെയാണ്.
ഈ ശൈലിയിലുള്ള വീടാണ് ഞങ്ങളുടെ ആഗ്രഹമെന്ന് അറിഞ്ഞപ്പോഴേ ബന്ധുക്കളും സുഹൃത്തുക്കളും നെറ്റി ചുളിച്ചു. ഉറപ്പ്, ഭംഗി, കാലാവസ്ഥ ഇതൊക്കെ പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു.
ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത വീട് പോലും ഇപ്പോഴും കേടുപാടുകള്‍ ഒന്നുമില്ലാതെ നില്‍ക്കുന്നു എന്നത് തന്നെയാണ് ഈ വീടുകളുടെ ഉറപ്പിനുള്ള സാക്ഷ്യം. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഭംഗിയെക്കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കാന്‍ കഴിയില്ല. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെന്നാണ് മറ്റൊരു വാദം. നിരന്തരം വെള്ളമൊഴുകാന്‍ ഇടയാകുമ്പോള്‍ മാത്രമാണ് തേയ്ക്കാത്ത ഇഷ്ടികളില്‍ പായല്‍ പിടിക്കുന്നത്. ഇത്തരം അവസ്ഥ ഉണ്ടാകുകയാണെങ്കില്‍ തേച്ച ചുമരുകളിലും പായല്‍ പിടിക്കും. മേല്‍ക്കൂര നീട്ടി വാര്‍ത്താണ് തേയ്ക്കാത്ത ചുമരുകളെ സംരക്ഷിക്കുന്നത്.
എല്ലാത്തിനും ഉപരി സാധാരണക്കാരന്റെ ബജറ്റില്‍ വീട് പണിയാം എന്നതാണ് ദിനം തോറും വില കയറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും വലിയ കാര്യം. ശങ്കര്‍ജിയുടെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ "രണ്ട് സെന്റും അഞ്ച് ലക്ഷം രൂപയും ഉണ്ടെങ്കില്‍ ഒരു സാധാരണ കുടുംബത്തിന് സൗകര്യമുള്ള വീട് വയ്ക്കാം..."
തീര്‍ച്ചയായിട്ടും ആര്‍ഭാടത്തിന് പിറകേ പോകുമ്പോഴാണ് വീടുപണി പലപ്പോഴും ബാലികേറാ മലയായി മാറുന്നത്. പിന്നെ ലോണെടുത്തും പാതി വഴിക്ക് പണി നിര്‍ത്തിയുമൊക്കെ വീട് ഒരു ദു:സ്വപ്നമായി മാറുന്നു. ഒരു അഭിമുഖത്തില്‍ ശങ്കര്‍ജി പറഞ്ഞതുപോലെ "എത്ര രൂപ ചെലവഴിക്കേണ്ടി വന്നാലും ചെലവ് കുറഞ്ഞ വീടേ നിര്‍മ്മിക്കൂ..." എന്ന് പറയുന്നവര്‍ പക്ഷേ ഈ വീടുകളുടെ സവിശേഷതകള്‍ മറക്കുന്നു. ചൂട് കൂടിവരുന്ന ഇപ്പോഴത്തെ കാലാവസ്ഥയില്‍ കുളിര്‍മ്മയുള്ള വീടിനകം ഒരു സ്വപ്നമാകും. എന്നാല്‍, ഈ വീടുകളുടെ പ്രത്യേകതയും അതുതന്നെയാണ്... നല്ല കുളിര്‍മ്മയുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്ന വീടുകള്‍.
ഒറ്റ നിലയുള്ള ഒരു കുഞ്ഞുവീടായിരുന്നു സ്വപ്നമെങ്കിലും കോള്‍ പാടത്തിന്റെ ദൃശ്യം, തണുത്ത കാറ്റ്, മഴയുടെ സംഗീതം, തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ തല്‍സമയ വീക്ഷണം തുടങ്ങിയ വിനുവേട്ടന്റെ സ്വപ്നങ്ങള്‍ക്കിടയില്‍ പെട്ട് എന്റെ ഒറ്റനില വീടെന്ന സ്വപ്നം കാറ്റില്‍ പറന്നു. അങ്ങനെ ഒറ്റനില ഇരുനിലയായി. അവസാനശ്രമമെന്ന നിലയില്‍ "വയസ്സുകാലത്ത് പടികള്‍ കയറിയിറങ്ങി തളരുമെന്ന" എന്റെ ഭീഷണി, "നമുക്ക് അതിന് വയസ്സാകുന്നില്ലല്ലോ..." എന്ന കുസൃതി മറുപടിയില്‍ അലിഞ്ഞുപോയി. (വിശ്വാസം രക്ഷിക്കട്ടെ).
ഏതായാലും വീടിന്റെ പണി പുരോഗമിച്ചതോടെ, സംശയത്തോടെ നിന്നവര്‍ ഇപ്പോള്‍ "കൊള്ളാം", "തരക്കേടില്ല", "നന്നായിട്ടുണ്ട്" എന്നൊക്കെ പറയാന്‍ തുടങ്ങിയിട്ടുണ്ട്.
അങ്ങനെ ഞങ്ങളുടെ സ്വപ്നം പൂര്‍ത്തിയാകുകയാണ്, ഒരു പൂ വിരിയുന്ന സൗന്ദര്യത്തോടെ... വീടിനു ചുറ്റും മരങ്ങള്‍ നടുന്നതും മുറ്റത്തെ കൂവളച്ചില്ലയില്‍ പക്ഷികള്‍ വിരുന്നിനെത്തുന്നതും മകന്‍ സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു. എനിക്കുമുണ്ടൊരു കുഞ്ഞുസ്വപ്നം... വെണ്ടക്കയും പാവലും വഴുതങ്ങയും ഒക്കെ വിളയുന്ന ഒരു കുഞ്ഞ് അടുക്കളത്തോട്ടം. പാടത്ത് നിന്നുള്ള കാറ്റും ആസ്വദിച്ച് ബ്ലോഗ് എഴുതിക്കൂട്ടുന്ന സ്വപ്നത്തിലാണ് വിനുവേട്ടന്‍.
പറയാന്‍ മറന്നു. വീടിന്റെ പണി പുരോഗമിക്കുന്നതിനോടൊപ്പം ഞങ്ങള്‍ക്ക് നല്ല രണ്ട് സുഹൃത്തുക്കളെയും ലഭിച്ചു. ആര്‍ക്കിടെക്റ്റ് സജീവും അദ്ദേഹത്തിന്റെ പത്നി ശ്രീജയും. (നിലാമഴ).
ശങ്കര്‍ജിക്കും ഹാബിറ്റാറ്റ് ഗ്രൂപ്പിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.