Sunday, March 7, 2010

വിശ്വാസം... അതല്ലേ എല്ലാം...

"ദക്ഷിണാഫ്രിക്കയില്‍ ഏഴ്‌ മാസം മുമ്പ്‌ മരിച്ച ഭര്‍ത്താവ്‌ ഉയര്‍ത്തെഴുനേല്‍ക്കുമെന്ന വിശ്വാസവുമായി, മൃതദേഹം സംസ്കരിക്കാതെ ഇന്ത്യന്‍ യുവതി കാത്തിരിപ്പ്‌ തുടരുന്നു..."

ഈ പത്രവാര്‍ത്ത വായിച്ച പലരുടെയും മുഖത്ത്‌ പുച്ഛം നിറഞ്ഞ ചിരി വന്നിട്ടുണ്ടാകും. മനുഷ്യര്‍ക്ക്‌ ഇങ്ങനെയും 'വട്ട്‌' പിടിക്കുമോയെന്ന് ചിന്തിച്ചിട്ടുണ്ടാകും.

ഒരു നിമിഷം ഒന്നു ചിന്തിച്ചു നോക്കൂ. നമ്മളില്‍ പലരിലും ഇത്തരം ചില 'വട്ടുകള്‍' ഏറ്റക്കുറച്ചിലോടെ ഉണ്ടാകും, ഇല്ലേ?

ഓരോ വിശ്വാസത്തിന്റെയും അടിസ്ഥാനം എന്താണെന്ന് ചിന്തിക്കാന്‍ പോലും മെനക്കെടാതെ 'വിശ്വാസങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയുള്ളതാണെന്ന' തത്വത്തില്‍ വിശ്വസിച്ച്‌ എല്ലാം അപ്പാടെ വിഴുങ്ങുകയല്ലേ നമ്മള്‍?

ഒരു പൂച്ച നമ്മുടെ വഴിക്ക്‌ കുറുകെ ചാടിയാല്‍ ഒന്ന് അന്തിച്ചു നില്‍ക്കാത്തവര്‍ ചുരുക്കം. അപശകുനമായി കരുതി ഒരു പക്ഷേ യാത്ര പോലും വേണ്ടെന്ന് വയ്ക്കും. ആ പൂച്ചയുടെ മനസ്സില്‍ അപ്പോള്‍ എന്തായിരിക്കും ചിന്ത? ഈ മനുഷ്യന്‍ കാരണം ഇന്നത്തെ അന്നം മുട്ടിയെന്നായിരിക്കുമോ? വിശ്വാസം മനുഷ്യന്‌ മാത്രമേ പാടുള്ളൂ എന്നില്ലല്ലോ.

എന്തുകൊണ്ട്‌ നമ്മള്‍ ഓരോ വിശ്വാസങ്ങള്‍ക്കും വളരെ പെട്ടെന്ന് അടിമപ്പെടുന്നുവെന്ന് ചോദിച്ചാല്‍ ഉത്തരം വളരെ ലളിതം. കഷ്ടപ്പാടുകള്‍ കൂടാതെ എത്രയും പെട്ടെന്ന് സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കുകയെന്ന നിരുപദ്രവകരമായ ചിന്ത തന്നെയാണ്‌ ഇതിന്‌ പിന്നില്‍.

അതുകൊണ്ടല്ലേ രുചി വ്യത്യാസമുണ്ടായ കടല്‍ വെള്ളം കുടിക്കാന്‍ ബോംബെയിലെ മാഹിമില്‍ ജനം പരക്കം പാഞ്ഞത്‌. മനുഷ്യ വിസര്‍ജ്യത്തില്‍ കാണുന്ന കോളിഫോം അണുക്കളുടെ അതിപ്രസരമാണ്‌ രുചിവ്യത്യാസത്തിന്‌ കാരണമെന്ന് മനസ്സിലാക്കിയ അധികൃതര്‍ക്ക്‌ അവസാനം ജനത്തെ കടല്‍ക്കരയില്‍ നിന്ന് ഓടിക്കാന്‍ പാടുപെടേണ്ടി വന്നു.

ജനങ്ങളുടെ വിശ്വാസം മുതലെടുത്ത്‌ ബിസിനസ്‌ നടത്തുന്ന ബുദ്ധിമാന്മാരും കുറവല്ല. അതുകൊണ്ടാണല്ലോ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അക്ഷയതൃതീയ ദിനം നന്നായി ആഘോഷിക്കപ്പെടുന്നത്‌. ആ ദിവസം സ്വര്‍ണം വാങ്ങിയാല്‍ ദൈവം അനുഗ്രഹിക്കുമെന്നും സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നും ജനത്തെ വിശ്വസിപ്പിക്കാന്‍ എന്തെളുപ്പം കഴിഞ്ഞു. ദൈവങ്ങളും ഇപ്പോള്‍ കലണ്ടര്‍ നോക്കിയാണോ ഭക്തരെ അനുഗ്രഹിക്കുന്നത്‌?

ജനനം മുതല്‍ മരണം വരെ നമ്മള്‍ ഓരോരോ വിശ്വാസങ്ങള്‍ക്ക്‌ പിന്നാലെയാണ്‌. ഒരു വ്യക്തി ആര്‍ജ്ജിച്ച വിദ്യാഭ്യാസമോ, വഹിക്കുന്ന ഉന്നത സ്ഥാനമോ ഒന്നും അതിന്‌ തടസമാകുന്നില്ല. അതാണല്ലോ നമ്മുടെ ഹൈക്കോടതിയില്‍ പതിമൂന്നാം നമ്പര്‍ മുറിയുടെ അസാന്നിദ്ധ്യം തെളിയിക്കുന്നത്‌.

ആത്മവിശ്വാസക്കുറവാണോ നമ്മെ ഓരോ വിശ്വാസങ്ങളുടെയും പിന്നാലെ ഓടിക്കുന്നത്‌? എന്തിലെങ്കിലും വിശ്വസിച്ചില്ലെങ്കില്‍ നമുക്ക്‌ എന്തോ കുഴപ്പം ഉണ്ടെന്ന് ജനം കരുതുന്ന കാലമാണിത്‌.

ആത്മവിശ്വാസക്കുറവിനൊപ്പം അത്യാഗ്രഹവും ഒരുമിച്ചാല്‍ പൂര്‍ണ്ണമായി. പിന്നെ വിശ്വാസങ്ങളുടെ പെരുമഴക്കാലമായി.