Sunday, March 7, 2010

വിശ്വാസം... അതല്ലേ എല്ലാം...

"ദക്ഷിണാഫ്രിക്കയില്‍ ഏഴ്‌ മാസം മുമ്പ്‌ മരിച്ച ഭര്‍ത്താവ്‌ ഉയര്‍ത്തെഴുനേല്‍ക്കുമെന്ന വിശ്വാസവുമായി, മൃതദേഹം സംസ്കരിക്കാതെ ഇന്ത്യന്‍ യുവതി കാത്തിരിപ്പ്‌ തുടരുന്നു..."

ഈ പത്രവാര്‍ത്ത വായിച്ച പലരുടെയും മുഖത്ത്‌ പുച്ഛം നിറഞ്ഞ ചിരി വന്നിട്ടുണ്ടാകും. മനുഷ്യര്‍ക്ക്‌ ഇങ്ങനെയും 'വട്ട്‌' പിടിക്കുമോയെന്ന് ചിന്തിച്ചിട്ടുണ്ടാകും.

ഒരു നിമിഷം ഒന്നു ചിന്തിച്ചു നോക്കൂ. നമ്മളില്‍ പലരിലും ഇത്തരം ചില 'വട്ടുകള്‍' ഏറ്റക്കുറച്ചിലോടെ ഉണ്ടാകും, ഇല്ലേ?

ഓരോ വിശ്വാസത്തിന്റെയും അടിസ്ഥാനം എന്താണെന്ന് ചിന്തിക്കാന്‍ പോലും മെനക്കെടാതെ 'വിശ്വാസങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയുള്ളതാണെന്ന' തത്വത്തില്‍ വിശ്വസിച്ച്‌ എല്ലാം അപ്പാടെ വിഴുങ്ങുകയല്ലേ നമ്മള്‍?

ഒരു പൂച്ച നമ്മുടെ വഴിക്ക്‌ കുറുകെ ചാടിയാല്‍ ഒന്ന് അന്തിച്ചു നില്‍ക്കാത്തവര്‍ ചുരുക്കം. അപശകുനമായി കരുതി ഒരു പക്ഷേ യാത്ര പോലും വേണ്ടെന്ന് വയ്ക്കും. ആ പൂച്ചയുടെ മനസ്സില്‍ അപ്പോള്‍ എന്തായിരിക്കും ചിന്ത? ഈ മനുഷ്യന്‍ കാരണം ഇന്നത്തെ അന്നം മുട്ടിയെന്നായിരിക്കുമോ? വിശ്വാസം മനുഷ്യന്‌ മാത്രമേ പാടുള്ളൂ എന്നില്ലല്ലോ.

എന്തുകൊണ്ട്‌ നമ്മള്‍ ഓരോ വിശ്വാസങ്ങള്‍ക്കും വളരെ പെട്ടെന്ന് അടിമപ്പെടുന്നുവെന്ന് ചോദിച്ചാല്‍ ഉത്തരം വളരെ ലളിതം. കഷ്ടപ്പാടുകള്‍ കൂടാതെ എത്രയും പെട്ടെന്ന് സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കുകയെന്ന നിരുപദ്രവകരമായ ചിന്ത തന്നെയാണ്‌ ഇതിന്‌ പിന്നില്‍.

അതുകൊണ്ടല്ലേ രുചി വ്യത്യാസമുണ്ടായ കടല്‍ വെള്ളം കുടിക്കാന്‍ ബോംബെയിലെ മാഹിമില്‍ ജനം പരക്കം പാഞ്ഞത്‌. മനുഷ്യ വിസര്‍ജ്യത്തില്‍ കാണുന്ന കോളിഫോം അണുക്കളുടെ അതിപ്രസരമാണ്‌ രുചിവ്യത്യാസത്തിന്‌ കാരണമെന്ന് മനസ്സിലാക്കിയ അധികൃതര്‍ക്ക്‌ അവസാനം ജനത്തെ കടല്‍ക്കരയില്‍ നിന്ന് ഓടിക്കാന്‍ പാടുപെടേണ്ടി വന്നു.

ജനങ്ങളുടെ വിശ്വാസം മുതലെടുത്ത്‌ ബിസിനസ്‌ നടത്തുന്ന ബുദ്ധിമാന്മാരും കുറവല്ല. അതുകൊണ്ടാണല്ലോ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അക്ഷയതൃതീയ ദിനം നന്നായി ആഘോഷിക്കപ്പെടുന്നത്‌. ആ ദിവസം സ്വര്‍ണം വാങ്ങിയാല്‍ ദൈവം അനുഗ്രഹിക്കുമെന്നും സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നും ജനത്തെ വിശ്വസിപ്പിക്കാന്‍ എന്തെളുപ്പം കഴിഞ്ഞു. ദൈവങ്ങളും ഇപ്പോള്‍ കലണ്ടര്‍ നോക്കിയാണോ ഭക്തരെ അനുഗ്രഹിക്കുന്നത്‌?

ജനനം മുതല്‍ മരണം വരെ നമ്മള്‍ ഓരോരോ വിശ്വാസങ്ങള്‍ക്ക്‌ പിന്നാലെയാണ്‌. ഒരു വ്യക്തി ആര്‍ജ്ജിച്ച വിദ്യാഭ്യാസമോ, വഹിക്കുന്ന ഉന്നത സ്ഥാനമോ ഒന്നും അതിന്‌ തടസമാകുന്നില്ല. അതാണല്ലോ നമ്മുടെ ഹൈക്കോടതിയില്‍ പതിമൂന്നാം നമ്പര്‍ മുറിയുടെ അസാന്നിദ്ധ്യം തെളിയിക്കുന്നത്‌.

ആത്മവിശ്വാസക്കുറവാണോ നമ്മെ ഓരോ വിശ്വാസങ്ങളുടെയും പിന്നാലെ ഓടിക്കുന്നത്‌? എന്തിലെങ്കിലും വിശ്വസിച്ചില്ലെങ്കില്‍ നമുക്ക്‌ എന്തോ കുഴപ്പം ഉണ്ടെന്ന് ജനം കരുതുന്ന കാലമാണിത്‌.

ആത്മവിശ്വാസക്കുറവിനൊപ്പം അത്യാഗ്രഹവും ഒരുമിച്ചാല്‍ പൂര്‍ണ്ണമായി. പിന്നെ വിശ്വാസങ്ങളുടെ പെരുമഴക്കാലമായി.

17 comments:

  1. എന്തുകൊണ്ട്‌ നമ്മള്‍ ഓരോ വിശ്വാസങ്ങള്‍ക്കും വളരെ പെട്ടെന്ന് അടിമപ്പെടുന്നുവെന്ന് ചോദിച്ചാല്‍ ഉത്തരം വളരെ ലളിതം. കഷ്ടപ്പാടുകള്‍ കൂടാതെ എത്രയും പെട്ടെന്ന് സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കുകയെന്ന നിരുപദ്രവകരമായ ചിന്ത തന്നെയാണ്‌ ഇതിന്‌ പിന്നില്‍.

    ReplyDelete
  2. "ദൈവങ്ങളും ഇപ്പോള്‍ കലണ്ടര്‍ നോക്കിയാണോ ഭക്തരെ അനുഗ്രഹിക്കുന്നത്‌?"

    വളരെ നല്ല ചിന്ത തന്നെ. മനുഷ്യനുള്ളിടത്തോളം കാലം (അന്ധ)വിശ്വാസങ്ങളും നിലനില്‍ക്കും.

    സലീംകുമാര്‍ പറഞ്ഞതു പോലെ 'ഇനി ചിലപ്പോള്‍ ബിരിയാണി ശരിയ്ക്കും കൊടുക്കുന്നുണ്ടെങ്കിലോ' എന്ന ചിന്ത തന്നെ കാരണം.

    നല്ല കുറിപ്പ്.

    ReplyDelete
  3. വിശ്വാസങ്ങളുടെ മുതലെടുപ്പാണല്ലോ ഇപ്പോള്‍ പ്രധാനം.

    ReplyDelete
  4. ഭയം ഇപ്പോള്‍ ഏറെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ഒരു സാധനമാണ്. അന്ധവിശ്വാസങ്ങളുടെയൊക്കെ അടിത്തറ ഭയവുമാണ്.

    ReplyDelete
  5. "ദൈവങ്ങളും ഇപ്പോള്‍ കലണ്ടര്‍ നോക്കിയാണോ ഭക്തരെ അനുഗ്രഹിക്കുന്നത്‌"

    (ഹൈക്കോടതിയ്ക്ക് എന്തും ആവാം.. പാവം പോലീസുകാര്‍ സ്റ്റേഷനില്‍ ഒരു ഹോമം നടത്തിയപ്പോഴേക്കും സസ്പന്‍ഷന്‍ )

    ReplyDelete
  6. വിശ്വാസം അതല്ലേ എല്ലാം..

    ReplyDelete
  7. വിശ്വാസം നല്ലത്
    അന്ധ വിശ്വാസം അത് മനുഷ്യനെ അന്ധതയിലേക്ക് നയിക്കുന്നു.
    നല്ല പോസ്റ്റ്‌.ഇനിയും വരാം..

    ReplyDelete
  8. വിശ്വാസം അത് ഓരോരുത്തര്‍ക്കും ഓരോ രീതിയില്‍ അല്ലേ ....

    ReplyDelete
  9. "എന്തുകൊണ്ട്‌?" എന്ന ചോദ്യം യുക്തിപൂര്‍വ്വം എല്ലാവരും സ്വയം ചോദിച്ചിരുന്നുവെങ്കില്‍ ജനം ഇത്രമാത്രം അന്ധവിശ്വാസത്തിനടിമപ്പെടുകയില്ലായിരുന്നു. ശ്രീ പറഞ്ഞത്‌ പോലെ ശരിയ്ക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന ചിന്ത തന്നെ ഭൂരിഭാഗം ജനത്തിനും...

    ReplyDelete
  10. വിശ്വാസം അന്തവിശ്വാസം ഇത് പലപ്പോഴും തെറ്റായ രീതിയില്‍ വ്യാഖനിക്കപെടുന്നു എന്ന് തോന്നുന്നു . ഒരാളുടെ വിശ്വാസം മറ്റൊരാള്‍ക്ക്‌ ഉപദ്രവം ആകുമ്പോളല്ലേ അത് അന്തവിശ്വാസം ആകുന്നതു അല്ലെങ്കില്‍ അത് കേവലം ഒരു വിശ്വാസം മാത്രമല്ലെ ..........
    ഇത് കുട്ടന്റെ ചെറിയ ഒരു സംശയാണെ..................

    ReplyDelete
  11. ശ്രീ : ശരിയാണ്‌... 'പറയാന്‍ പറ്റില്ലല്ലോ...' ആ ഒരു ചിന്തയിലാണ്‌ എല്ലാവരും ഓടുന്നത്‌.

    കൃഷ്ണകുമാര്‍ : അതേ, എന്തിനെയും മുതലെടുക്കുക എന്നതാണ്‌ ഇന്നത്തെ തത്വം.

    ഹാഷിം : സന്ദര്‍ശനത്തിന്‌ നന്ദി.

    കുമാരന്‍ : പ്രാചീനകാലം മുതല്‍ തന്നെ തുടങ്ങിയ അന്ധവിശ്വാസത്തിനു പിന്നില്‍ ഭയം തന്നെയായിരുന്നു എന്ന് പറയാം.

    എറക്കാടന്‍ : നന്ദി.

    കൊലകൊമ്പന്‍ : ഇനി ഇപ്പോള്‍ കോര്‍ട്ട്‌ അലക്ഷ്യമാവുമോ?

    മനോരാജ്‌ : അതേ, അതു തന്നെ എല്ലാം.

    സിനു : ശരിയാണ്‌ ... വീണ്ടും വരുമല്ലോ.

    രാധിക നായര്‍ : പക്ഷേ, അന്ധവിശ്വാസം പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക്‌ എത്തിക്കുന്നു സമൂഹത്തെ.

    വിനുവേട്ടന്‍ : എങ്കില്‍ ഈ നാട്‌ എന്നേ നന്നായിപ്പോയേനെ.

    കുട്ടന്‍ : എന്നു പറയാന്‍ പറ്റില്ല. അടിസ്ഥാനമില്ലാത്ത ഒന്നിനു വേണ്ടി ധനം, സമയം, വിവേകം എന്നിവ നഷ്ടപ്പെടുന്നു അന്ധവിശ്വാസം മൂലം.

    ReplyDelete
  12. ninte viswasam ninne rakshikkumathre....viswasangalum anda viswasangalum...ithil eethokkeyanu viswasangal ethokkeyanu andha viswasangal ennanu ariyaththathu..

    ReplyDelete
  13. വിശ്വാസം അതല്ലേ എല്ലാം..

    ReplyDelete
  14. വിശ്വാസം വല്ലാത്തൊരു അവസ്ഥയിലെത്തുമ്പോഴാണോ അന്ധവിശ്വാസത്തിലെത്തുന്നതു്. അതിനെവിടെയാണ് ഇവ തമ്മിലുള്ള അതിര്‍വരമ്പ്? അറിയില്ല.

    ReplyDelete
  15. വേറിട്ട ചിന്താശകലങ്ങളുമായി ഒരു നല്ല കുറിപ്പ്..

    വിശ്വാസമേത്, അന്ധവിശ്വാസമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ കൂടിക്കലര്‍ന്ന ആധുനിക ജീവിത സാഹചര്യങ്ങളില്‍ ഒരു വിചിന്തനത്തിന് സഹായകമാവട്ടെ ഇത്..

    ReplyDelete
  16. വേറിട്ട ചിന്താശകലങ്ങളുമായി ഒരു നല്ല കുറിപ്പ്..

    വിശ്വാസമേത്, അന്ധവിശ്വാസമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ കൂടിക്കലര്‍ന്ന ആധുനിക ജീവിത സാഹചര്യങ്ങളില്‍ ഒരു വിചിന്തനത്തിന് സഹായകമാവട്ടെ ഇത്..

    ReplyDelete

നിങ്ങള്‍ക്കെന്ത്‌ തോന്നുന്നു?