Friday, March 12, 2010

വീണ്ടും ചില ആശ്രമ വിശേഷങ്ങള്‍

ഇപ്രാവശ്യം വിശേഷങ്ങള്‍ വന്നത്‌ അങ്ങ്‌ കര്‍ണ്ണാടകത്തില്‍ നിന്നാണ്‌. "ബിഡതി നിത്യാനന്ദ ജ്ഞാനപീഠം മഠാധിപതി സ്വാമി നിത്യാനന്ദ" എന്ന വിരുതനാണ്‌ കഥാനായകന്‍.

ഇദ്ദേഹത്തിന്റെ ചില വിശേഷങ്ങള്‍ ടി.വി യില്‍ കൂടി ജനം അറിഞ്ഞതോടെ നില്‍ക്കക്കള്ളിയില്ലാതെ ഓടുകയാണ്‌ മഹാന്‍. ജനം ആശ്രമത്തിന്‌ തീ വച്ചതായും വാര്‍ത്തയുണ്ട്‌.

കുറച്ച്‌ കാലം മുമ്പ്‌ നമ്മുടെ കേരളത്തിലും പല രൂപത്തിലും ഭാവത്തിലുമുള്ള ദിവ്യന്മാരുടെ ഘോഷയാത്ര തന്നെയുണ്ടായിരുന്നു. തോക്കേന്തിയും കാസറ്റ്‌ പിടിച്ചുമൊക്കെ പല വേഷങ്ങള്‍...

അന്നത്തെ തിരയിളക്കത്തില്‍ ഒഴുകി പോകാത്ത പല ദിവ്യാത്മാക്കളും വടവൃക്ഷമായി പടര്‍ന്ന് പന്തലിച്ച്‌ ലോകം മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞു. ഇവരുടെ യഥാര്‍ത്ഥ മുഖം ആരെങ്കിലും പുറത്ത്‌ കൊണ്ടുവരാന്‍ നോക്കിയാല്‍ വിവരം അറിയും അതിന്‌ ശ്രമിക്കുന്നവര്‍. അത്രമാത്രം ശക്തിയുള്ള സമാന്തര ദൈവങ്ങളായിക്കഴിഞ്ഞിരിക്കുന്നു അവര്‍.

പണ്ടൊക്കെ നൂറ്റാണ്ടുകള്‍ കൊണ്ടായിരുന്നു ഒരാള്‍ ദിവ്യനായിരുന്നതും മഹത്വവല്‍ക്കരിക്കപ്പെട്ടിരുന്നതും. വേഗതയുടെ കാലം ആയത്‌ കൊണ്ടാകാം, ഇപ്പോള്‍ ഒറ്റ ദിവസം മതി ഒരാള്‍ക്ക്‌ ദൈവപുരുഷനോ അമ്മദൈവമോ ആകാന്‍. കുറച്ച്‌ അനുയായികളും ഒരു ആശ്രമവും ദിവ്യത്വം തോന്നിപ്പിക്കുന്ന വസ്ത്രധാരണവും, പിന്നെ വായില്‍ കൊള്ളാത്ത ഒരു നാമവും മതി... അത്ര മതി, പിന്നെ താമസമുണ്ടാകില്ല ദിവ്യാത്മാക്കളുടെ വചനങ്ങള്‍ക്ക്‌ കാതോര്‍ത്ത്‌ ജനങ്ങളെത്താന്‍. ഒരദ്ധ്വാനവും ഇല്ലാതെ ലഭിക്കുന്ന കോടിക്കണക്കിന്‌ സ്വത്തിലൊരംശം ദാനകര്‍മ്മങ്ങള്‍ക്ക്‌ കൂടി ചെലവഴിച്ചാല്‍ പിന്നെ പറയുകയും വേണ്ട, ജനങ്ങള്‍ വാഴ്ത്തി പാടിക്കൊള്ളും.

ഇവരുടെ ആശ്രമങ്ങളില്‍ നിത്യസന്ദര്‍ശകരായി എത്തുന്നത്‌ സാധാരണ ജനങ്ങളേക്കാളേറെ V.VIP കള്‍ ആയിരിക്കും. പലരും ഈ ദൈവങ്ങളുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരാകും.

പലപ്പോഴും ഇത്തരം ആശ്രമങ്ങള്‍ പൊട്ടിപ്പോകുന്നത്‌ കൂടെ നില്‍ക്കുന്നവരുടെ ചതികൊണ്ടാകും. എന്തൊരു കഷ്ടമാണ്‌! ഒരു വിധം നന്നായി കാശൊക്കെ കിട്ടി, അങ്ങനെ സിംഹാസനത്തില്‍ ഉപവിഷ്ടനായി ഭക്തജനങ്ങളെ അനുഗ്രഹിച്ച്‌ സുഖിച്ച്‌ വാണരുളുമ്പോഴാണ്‌ ഏതെങ്കിലുമൊരുവന്‍ അസൂയ മൂത്ത്‌ വലിച്ച്‌ താഴെയിടുന്നത്‌. ബാക്കി പിന്നെ അന്ന് വരെ ആരാധിച്ച്‌ കൂടെ നിന്ന ജനം ചെയ്തോളും.

"രണ്ടുനാള്‍ കൊണ്ടൊരുത്തനെ ദിവ്യനാക്കുന്നതും ജനം...
സിംഹാസനത്തിലേറിയ ദിവ്യനെ തല്ലിയോടിക്കുന്നതും ജനം..."

മനഃസമാധാനത്തിനും ആഗ്രഹ സാഫല്യത്തിനും ഉള്ള എളുപ്പവഴി ആയിട്ടാണ്‌ ഇത്തരക്കാരെ ജനം വിശ്വസിക്കുന്നതും പൂജിക്കുന്നതും.

കുടുംബ ബന്ധങ്ങളിലെ വിള്ളലുകളാണ്‌ പലരെയും ഇത്തരം ആശ്രമങ്ങളില്‍ എത്തിക്കുന്നത്‌. സാന്ത്വനം തേടിയെത്തുന്ന ഇവര്‍ പലപ്പോഴും വന്‍ ചതിക്കുഴിയിലേക്കായിരിക്കും വീഴുക.

സ്വന്തം മനസ്സില്‍ നിന്ന് വരേണ്ട സമാധാനം തേടിയാണത്രേ പലരും ഇത്തരം ആശ്രമങ്ങളിലെത്തുന്നത്‌. നമ്മുടെ ചിന്തകളാണ്‌ നമുക്ക്‌ മനഃസമാധാനവും സന്തോഷവും ദുഃഖവും എല്ലാം സമ്മാനിക്കുന്നത്‌. എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്‌. പല മനഃസമാധാനക്കേടും നമ്മുടെ അത്യാഗ്രഹത്തിന്റെ ഭാഗമായിട്ടായിരിക്കും ഉടലെടുക്കുന്നത്‌.

പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌ നമ്മളാണെങ്കില്‍ പ്രശ്ന പരിഹാരവും നമ്മളില്‍ നിന്ന് തന്നെ ഉരുത്തിരിയണം. അല്ലെങ്കില്‍ കരള്‍ വീക്കം തടയാന്‍ മദ്യപാനം നിര്‍ത്തുന്നതിന്‌ പകരം കാമിലാരി കഴിക്കുന്നത്‌ പോലെയാകും.

മനസ്സിലെ സ്നേഹമാണ്‌ ദൈവമെന്ന തിരിച്ചറിവില്‍ മനുഷ്യര്‍ എത്തുന്ന കാലത്ത്‌ ഇത്തരം ദിവ്യാത്മാക്കള്‍ അപ്രസക്തരാകും.