Friday, March 12, 2010

വീണ്ടും ചില ആശ്രമ വിശേഷങ്ങള്‍

ഇപ്രാവശ്യം വിശേഷങ്ങള്‍ വന്നത്‌ അങ്ങ്‌ കര്‍ണ്ണാടകത്തില്‍ നിന്നാണ്‌. "ബിഡതി നിത്യാനന്ദ ജ്ഞാനപീഠം മഠാധിപതി സ്വാമി നിത്യാനന്ദ" എന്ന വിരുതനാണ്‌ കഥാനായകന്‍.

ഇദ്ദേഹത്തിന്റെ ചില വിശേഷങ്ങള്‍ ടി.വി യില്‍ കൂടി ജനം അറിഞ്ഞതോടെ നില്‍ക്കക്കള്ളിയില്ലാതെ ഓടുകയാണ്‌ മഹാന്‍. ജനം ആശ്രമത്തിന്‌ തീ വച്ചതായും വാര്‍ത്തയുണ്ട്‌.

കുറച്ച്‌ കാലം മുമ്പ്‌ നമ്മുടെ കേരളത്തിലും പല രൂപത്തിലും ഭാവത്തിലുമുള്ള ദിവ്യന്മാരുടെ ഘോഷയാത്ര തന്നെയുണ്ടായിരുന്നു. തോക്കേന്തിയും കാസറ്റ്‌ പിടിച്ചുമൊക്കെ പല വേഷങ്ങള്‍...

അന്നത്തെ തിരയിളക്കത്തില്‍ ഒഴുകി പോകാത്ത പല ദിവ്യാത്മാക്കളും വടവൃക്ഷമായി പടര്‍ന്ന് പന്തലിച്ച്‌ ലോകം മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞു. ഇവരുടെ യഥാര്‍ത്ഥ മുഖം ആരെങ്കിലും പുറത്ത്‌ കൊണ്ടുവരാന്‍ നോക്കിയാല്‍ വിവരം അറിയും അതിന്‌ ശ്രമിക്കുന്നവര്‍. അത്രമാത്രം ശക്തിയുള്ള സമാന്തര ദൈവങ്ങളായിക്കഴിഞ്ഞിരിക്കുന്നു അവര്‍.

പണ്ടൊക്കെ നൂറ്റാണ്ടുകള്‍ കൊണ്ടായിരുന്നു ഒരാള്‍ ദിവ്യനായിരുന്നതും മഹത്വവല്‍ക്കരിക്കപ്പെട്ടിരുന്നതും. വേഗതയുടെ കാലം ആയത്‌ കൊണ്ടാകാം, ഇപ്പോള്‍ ഒറ്റ ദിവസം മതി ഒരാള്‍ക്ക്‌ ദൈവപുരുഷനോ അമ്മദൈവമോ ആകാന്‍. കുറച്ച്‌ അനുയായികളും ഒരു ആശ്രമവും ദിവ്യത്വം തോന്നിപ്പിക്കുന്ന വസ്ത്രധാരണവും, പിന്നെ വായില്‍ കൊള്ളാത്ത ഒരു നാമവും മതി... അത്ര മതി, പിന്നെ താമസമുണ്ടാകില്ല ദിവ്യാത്മാക്കളുടെ വചനങ്ങള്‍ക്ക്‌ കാതോര്‍ത്ത്‌ ജനങ്ങളെത്താന്‍. ഒരദ്ധ്വാനവും ഇല്ലാതെ ലഭിക്കുന്ന കോടിക്കണക്കിന്‌ സ്വത്തിലൊരംശം ദാനകര്‍മ്മങ്ങള്‍ക്ക്‌ കൂടി ചെലവഴിച്ചാല്‍ പിന്നെ പറയുകയും വേണ്ട, ജനങ്ങള്‍ വാഴ്ത്തി പാടിക്കൊള്ളും.

ഇവരുടെ ആശ്രമങ്ങളില്‍ നിത്യസന്ദര്‍ശകരായി എത്തുന്നത്‌ സാധാരണ ജനങ്ങളേക്കാളേറെ V.VIP കള്‍ ആയിരിക്കും. പലരും ഈ ദൈവങ്ങളുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരാകും.

പലപ്പോഴും ഇത്തരം ആശ്രമങ്ങള്‍ പൊട്ടിപ്പോകുന്നത്‌ കൂടെ നില്‍ക്കുന്നവരുടെ ചതികൊണ്ടാകും. എന്തൊരു കഷ്ടമാണ്‌! ഒരു വിധം നന്നായി കാശൊക്കെ കിട്ടി, അങ്ങനെ സിംഹാസനത്തില്‍ ഉപവിഷ്ടനായി ഭക്തജനങ്ങളെ അനുഗ്രഹിച്ച്‌ സുഖിച്ച്‌ വാണരുളുമ്പോഴാണ്‌ ഏതെങ്കിലുമൊരുവന്‍ അസൂയ മൂത്ത്‌ വലിച്ച്‌ താഴെയിടുന്നത്‌. ബാക്കി പിന്നെ അന്ന് വരെ ആരാധിച്ച്‌ കൂടെ നിന്ന ജനം ചെയ്തോളും.

"രണ്ടുനാള്‍ കൊണ്ടൊരുത്തനെ ദിവ്യനാക്കുന്നതും ജനം...
സിംഹാസനത്തിലേറിയ ദിവ്യനെ തല്ലിയോടിക്കുന്നതും ജനം..."

മനഃസമാധാനത്തിനും ആഗ്രഹ സാഫല്യത്തിനും ഉള്ള എളുപ്പവഴി ആയിട്ടാണ്‌ ഇത്തരക്കാരെ ജനം വിശ്വസിക്കുന്നതും പൂജിക്കുന്നതും.

കുടുംബ ബന്ധങ്ങളിലെ വിള്ളലുകളാണ്‌ പലരെയും ഇത്തരം ആശ്രമങ്ങളില്‍ എത്തിക്കുന്നത്‌. സാന്ത്വനം തേടിയെത്തുന്ന ഇവര്‍ പലപ്പോഴും വന്‍ ചതിക്കുഴിയിലേക്കായിരിക്കും വീഴുക.

സ്വന്തം മനസ്സില്‍ നിന്ന് വരേണ്ട സമാധാനം തേടിയാണത്രേ പലരും ഇത്തരം ആശ്രമങ്ങളിലെത്തുന്നത്‌. നമ്മുടെ ചിന്തകളാണ്‌ നമുക്ക്‌ മനഃസമാധാനവും സന്തോഷവും ദുഃഖവും എല്ലാം സമ്മാനിക്കുന്നത്‌. എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്‌. പല മനഃസമാധാനക്കേടും നമ്മുടെ അത്യാഗ്രഹത്തിന്റെ ഭാഗമായിട്ടായിരിക്കും ഉടലെടുക്കുന്നത്‌.

പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌ നമ്മളാണെങ്കില്‍ പ്രശ്ന പരിഹാരവും നമ്മളില്‍ നിന്ന് തന്നെ ഉരുത്തിരിയണം. അല്ലെങ്കില്‍ കരള്‍ വീക്കം തടയാന്‍ മദ്യപാനം നിര്‍ത്തുന്നതിന്‌ പകരം കാമിലാരി കഴിക്കുന്നത്‌ പോലെയാകും.

മനസ്സിലെ സ്നേഹമാണ്‌ ദൈവമെന്ന തിരിച്ചറിവില്‍ മനുഷ്യര്‍ എത്തുന്ന കാലത്ത്‌ ഇത്തരം ദിവ്യാത്മാക്കള്‍ അപ്രസക്തരാകും.

16 comments:

  1. നന്നായി പറഞ്ഞിട്ടുണ്ട്.

    ആശംസകള്‍ !

    ReplyDelete
  2. പ്രിയ വല്‍സേ..
    പാപമാണു ഇങ്ങനെയൊക്കെ ഞങ്ങളെ കുറിച്ച്
    എഴുതുന്നത്..ഞങ്ങളുടെ കഷ്ടപ്പാടുകളും ത്യാഗങ്ങളും
    വിശദമായി ഞാന്‍ ഇവിടെ എഴിതിയിട്ടുണ്ടല്ലോ..
    ഒന്നു വായിച്ചു നോക്കൂ..
    http://www.entevara.blogspot.com/
    -----
    ഞാനെന്നും നന്നായിരിക്കട്ടെ!
    ശ്രീ തരികിടാനന്ദ തട്ടിപ്പു ആസാമികള്‍.

    ReplyDelete
  3. എന്ത് പറയാന്‍? പറ്റിയ്ക്കപ്പെടാന്‍ ജനങ്ങളുള്ളിടത്തോളം ഇനിയും ഇത്തരം സ്വാമിമാര്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കും.

    ReplyDelete
  4. അല്ലെങ്കില്‍ തന്നെ ദൈവങ്ങള്‍ക്കെന്തിനാണ്‌ ഏജന്റുമാര്‍?

    നൗഷാദിന്റെ ബ്ലോഗിലും പോയി. ഒരു ആസാമിയാകുന്നതിനുള്ള എളുപ്പവഴികള്‍ നന്നായി വിവരിച്ചിരിക്കുന്നു.

    ReplyDelete
  5. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടത്തുന്നത് ഭക്തിയാണ് .കള്ളസ്വാമിമാരെ തിരിച്ചറിയണ്ട സമയം കഴിഞ്ഞിരിക്കുന്നു .

    ReplyDelete
  6. അൽപം ഭാഗ്യവും കുറച്ച്‌ അറിവും ഉണ്ടെങ്കിൽ ആർക്കും കള്ളസാമിയാകാം. അതിലേക്ക്‌ പോകുന്ന ആലുകൾക്കിട്ടാണ​‍്‌ അടി കൊടുക്കേണ്ടത്‌.

    ReplyDelete
  7. അല്ലെങ്കില്‍ കരള്‍ വീക്കം തടയാന്‍ മദ്യപാനം നിര്‍ത്തുന്നതിന്‌ പകരം കാമിലാരി കഴിക്കുന്നത്‌ പോലെയാകും - ഈ പ്രയോഗം അസ്സലായി...

    എന്തൊക്കെ ആണെങ്കിലും, വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ എമ്പാടും വിതയ്ക്കപ്പെടുന്ന ഇക്കാലത്ത്, ഇതുപോലെയുള്ള ആസാമിമാരുടെ മാര്‍ക്കെറ്റ് അടുത്തകാലത്തൊന്നും ഇടിയുമെന്ന് തോന്നുന്നില്ല...

    ReplyDelete
  8. അതെ, ഇപ്പോള്‍ ഏറ്റവും നല്ല ബിസിനസ്സായി ഭക്തി മാറിയിരിക്കുന്നു.

    നല്ല എഴുത്ത്.. തുടരൂ..

    ReplyDelete
  9. മനുഷ്യ ദൈവങ്ങള്‍ മാത്രമല്ല പ്രശ്നം.. സാധരണ മതങ്ങളെയും മത കേന്ദ്രങ്ങളെയും വരെ ആളുകള്‍ ദുരുപയോഗം ചെയ്യുന്നു... അതിനു വേണ്ടി മത തത്വങ്ങളെപോലും മാറ്റിമറിക്കാന്‍ ഇവര്ക്ക് യാതൊരു മടിയുമില്ല...

    ReplyDelete
  10. നല്ല കാഴ്ചപ്പാട് . സ്നേഹമാണ് ദൈവം എന്ന
    തിരിച്ചറിവ് എല്ലാവരിലും ഉണ്ടാകട്ടെ.

    ReplyDelete
  11. കൊള്ളാം ... ആശംസകള്‍ !

    ReplyDelete
  12. എന്തൊക്കെ സംഭവിച്ചാലും എത്ര പേരുടെ കപടമുഖം കണ്ടാലും പഠിക്കില്ല. പുതിയ പുതിയ സ്വാമിമാര്‍ വരും, പിന്നാലെ കുറേ അനുയായികളും. അതിങ്ങനെ സംഭവിച്ചു കൊണ്ടേയിരിക്കും.

    ReplyDelete
  13. സ്വാമി മാരെ പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടെന്നു തോന്നുന്നില്ല ......അവരുടെ അടുത്ത് പോകുന്ന ജനങ്ങളെ പറഞ്ഞാ മതിലോ .......ഏത്ര കണ്ടാലും പടിക്കില്ല്യന്നു വച്ചാ എന്താ ചെയ്യാ ........

    ReplyDelete
  14. താന്‍ ആള്‍ ദൈവമാണെന്നാണ് സ്വാമികളുടെ പുതിയ പ്രഖ്യാപനം. എന്തൊക്കെ പ്രശ്നം എവിടെയൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആള്‍ദൈവങ്ങളുടെ പുറകെ പോകുന്നവരെ പറഞ്ഞാല്‍ മതിയല്ലോ ? വളക്കൂറുള്ള മണ്ണില്‍ ആരായാലും കൃഷിയിറക്കും.

    ReplyDelete
  15. മനസ്സിലെ സ്നേഹമാണ്‌ ദൈവമെന്ന തിരിച്ചറിവില്‍ മനുഷ്യര്‍ എത്തുന്ന കാലത്ത്‌ ഇത്തരം ദിവ്യാത്മാക്കള്‍ അപ്രസക്തരാകും.

    ഈ തിരിച്ചറിവുകൾ എല്ലാവർക്കും ഇനി എന്നാണുണ്ടാകുക ?

    ReplyDelete

നിങ്ങള്‍ക്കെന്ത്‌ തോന്നുന്നു?