Sunday, August 15, 2010

ഇന്ത്യ, ഹിന്ദുസ്ഥാന്‍, ഭാരതം - ചില സ്വാതന്ത്ര്യ ദിന ചിന്തകള്‍

ഇന്ത്യ, ഹിന്ദുസ്ഥാന്‍, ഭാരതം ...

ഇതെല്ലാം നമ്മുടെ രാജ്യത്തിന്റെ വിവിധ നാമങ്ങളല്ലേ, ഇതിലെന്താണിത്ര പറയാനുള്ളത്‌...?

അതേ... ഒരേ മണ്ണിന്റെ വിവിധ നാമങ്ങള്‍ . ഏത്‌ പേര്‍ വിളിച്ചാലും ഈ രാജ്യത്തിന്‌ ഒരു വ്യത്യാസവുമില്ല. അപ്പോള്‍ ഏത്‌ പേരില്‍ അറിയപ്പെട്ടാലും ഈ മണ്ണ്‌ എല്ലാ മതവിഭാഗങ്ങളിലും പെട്ട ഇന്ത്യാക്കാര്‍ക്കും ഒരു പോലെ അവകാശപ്പെട്ടതല്ലേ? അതേ, കാരണം അവര്‍ അറിയപ്പെടുന്നത്‌ ഇന്ത്യന്‍ പൗരന്മാര്‍ എന്നാണ്‌. പിന്നെ എന്തുകൊണ്ടാണ്‌ നമ്മുടെ രാജ്യത്ത്‌ മതത്തിന്റെ പേരില്‍ ഇത്രയും രക്തച്ചൊരിച്ചില്‍ ഉണ്ടാകുന്നത്‌?...


ഇരുനൂറ്‌ വര്‍ഷങ്ങളോളം നമ്മെ അടിമകളാക്കി നമ്മുടെ കാര്‍ഷിക വ്യാവസായിക സാമ്പത്തിക രംഗങ്ങളിലെല്ലാം കൊള്ള നടത്തിയ വെള്ളക്കാരെ നാട്‌ കടത്തിയിട്ട്‌ ഇപ്പോള്‍ അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ തികയുന്നു. എന്നാല്‍ അവര്‍ നമ്മുടെ മനസ്സില്‍ പാകി മുളപ്പിച്ച മതദ്വേഷത്തിന്റെ (മതങ്ങള്‍ തമ്മിലുള്ള വിദ്വേഷം) വിത്ത്‌ ഇന്നിപ്പോള്‍ വളര്‍ന്ന് വലുതായി നമ്മുടെ രാജ്യത്തിന്റെ അടിത്തറ തന്നെ ഇളക്കാന്‍ തുടങ്ങുകയാണ്‌.

സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന ജനവിഭാഗങ്ങളുടെ ഇടയില്‍ വിദ്വേഷവും അരക്ഷിതാവസ്ഥയും വളര്‍ത്തി അവരെ ഭിന്നിപ്പിച്ച്‌ ഭരിക്കാന്‍ വെള്ളക്കാര്‍ കണ്ടുപിടിച്ച അതേ മാര്‍ഗ്ഗം തന്നെയാണ്‌ തങ്ങളുടെ അധികാരം നിലനിര്‍ത്താനായി ഇന്നത്തെ രാഷ്ട്രീയക്കാരും ആയുധമായി ഉപയോഗിക്കുന്നത്‌. അതായത്‌ മതദ്വേഷം വളര്‍ത്തുക. ഭരണഘടന അനുസരിച്ച്‌ ഭരണത്തില്‍ മതത്തിന്‌ സ്വാധീനം പാടില്ലെന്നാണ്‌. പക്ഷേ, ഇപ്പോള്‍ ഭരണം ഉറപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ ആയുധമാക്കുന്നത്‌ മതത്തെയാണ്‌. മതവും രാഷ്ട്രീയവും ഇരട്ട സഹോദരങ്ങളായി മാറിയിരിക്കുന്നു ഇന്ന്. ഒന്നില്ലാതെ മറ്റൊന്നിന്‌ നിലനില്‍പ്പില്ലാത്ത അവസ്ഥ.

ഇവര്‍ക്ക്‌ കൂട്ടിന്‌ മറ്റൊരു കൂട്ടരും ഉണ്ട്‌. തങ്ങളുടെ നിലപാടിന്‌ എതിര്‌ നിന്നാല്‍ രക്തം ചിന്താന്‍ മടിക്കാത്ത, മതതീവ്രവാദികള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം. തങ്ങളുടെ മതത്തിന്‌ വേണ്ടി എന്ന് ആക്രോശിക്കുമ്പോഴും ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യം അധികാരവും സമ്പത്തുമാണ്‌. അതിന്‌ വേണ്ടിയുള്ള അത്യാര്‍ത്തിയാണ്‌ ഇപ്പോള്‍ അവര്‍ ചെയ്തുകൂട്ടുന്ന നരഹത്യകള്‍ക്ക്‌ നിദാനം. മോഷണവും ഗുണ്ടായിസവുമായി നടക്കുന്നവര്‍ക്ക്‌ സമ്പത്തുണ്ടാക്കാന്‍ എളുപ്പവഴി ഒരു മതതീവ്രവാദി ആകുക എന്നതാണ്‌. കസബിന്റെയും കശ്മീരില്‍ പിടിയിലായ മലയാളി യുവാക്കളുടെയും മൊഴികള്‍ അതാണ്‌ വ്യക്തമാക്കുന്നത്‌.

എന്നാല്‍ , എല്ലാ വിഭാഗം മതതീവ്രവാദികളുടെയും പിന്നില്‍ നിന്ന് ചരട്‌ വലിക്കുന്നത്‌ ഒരേ കേന്ദ്രത്തില്‍ നിന്നുള്ളവരാണെന്ന് അറിയുമ്പോഴാണ്‌ ഈ വിപത്തിന്റെ ആഴം മനസ്സിലാകുന്നത്‌. പക്ഷേ, ഇതൊന്നും ചിന്തിക്കാന്‍ നമുക്ക്‌ താല്‍പര്യമില്ലെന്ന് മാത്രം.

എന്തുകൊണ്ടാണ്‌ നമ്മള്‍ ഇവരുടെ കൈകളിലെ കളിപ്പാട്ടങ്ങളായി മാറുന്നത്‌? നമ്മുടെ ചിന്താശക്തി നശിച്ചുപോയോ...?

മതവികാരം വ്രണപ്പെട്ടുവെന്ന് ആക്രോശിച്ച്‌ പരസ്പരം രക്തം ചിന്തുമ്പോള്‍ , എന്തിന്‌ വേണ്ടിയാണ്‌ നമ്മുടെ സഹജീവികളെ കുരുതി കൊടുക്കുന്നതെന്ന് ചിന്തിക്കാന്‍ നമുക്ക്‌ കഴിയാതെ പോകുന്നത്‌ എന്തുകൊണ്ടാണ്‌...?

മതവിശ്വാസിയോ അവിശ്വാസിയോ ആയിരിക്കുന്നത്‌ വ്യക്തിപരമായ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയാണ്‌. ദുര്‍ബലമനസ്കര്‍ക്ക്‌ ശക്തി പകരാനും ദു:ഷ്ടമനസ്കരെ നേര്‍വഴിക്ക്‌ നടത്താനും അടിയുറച്ച ഈശ്വരവിശ്വാസം വലിയൊരു അളവ്‌ വരെ സഹായിക്കുന്നു.

പുരാതനകാലം തൊട്ടേ മനുഷ്യന്‍, തന്നെ ഭയപ്പെടുത്തിയിരുന്നതിനെയും തനിക്ക്‌ അപ്രാപ്യമായിരുന്നതിനെയുമൊക്കെ ആരാധിക്കുവാന്‍ തുടങ്ങി. സൂര്യന്‍, ചന്ദ്രന്‍, വായു, ജലം, അഗ്നി ഇവയെല്ലം അവന്റെ ആരാധനാ പാത്രങ്ങളായിരുന്നു. സാംസ്കാരിക മുന്നേറ്റത്തോടൊപ്പം മനുഷ്യന്‍ തന്റെ ആരാധനാ പാത്രങ്ങള്‍ക്ക്‌ രൂപവും ഭാവവും നല്‍കിത്തുടങ്ങി. കോപിഷ്ടരും സ്നേഹസ്വരൂപികളുമായി ദൈവങ്ങളുടെ ഒരു ഘോഷയാത്ര തന്നെ അങ്ങനെ രൂപം കൊണ്ടു. തങ്ങള്‍ക്ക്‌ സ്വീകാര്യമായ രൂപത്തിലും ഭാവത്തിലും ആരാധനാക്രമങ്ങളിലുമൊക്കെ അവന്‍ അടിയുറച്ച്‌ വിശ്വസിക്കുവാന്‍ തുടങ്ങി. തെറ്റ്‌ ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നും നല്ല കര്‍മ്മങ്ങള്‍ക്ക്‌ പുണ്യം ലഭിക്കുമെന്നും വിശ്വസിക്കുവാന്‍ ശീലിച്ചു. സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്ഥമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ആരാധനയോടെ നോക്കിത്തുടങ്ങിയ അവര്‍ ക്രമേണ അവരെ തങ്ങള്‍ വിശ്വസിക്കുന്ന, എന്നാല്‍ കാണാന്‍ കഴിയാതിരുന്ന ദൈവങ്ങളുടെ പ്രതിരൂപമായി കാണുവാന്‍ തുടങ്ങി.

എന്നാല്‍ , ഇവിടെയാണ്‌ പ്രശ്നങ്ങളുടെ തുടക്കം. ഒരു കൂട്ടം ജനങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന രൂപത്തില്‍ വിശ്വസിക്കാന്‍ മറ്റ്‌ മനുഷ്യര്‍ തയ്യാറായിരുന്നില്ല. അവര്‍ മറ്റ്‌ രൂപങ്ങളിലും ഭാവങ്ങളിലും തങ്ങളുടെ ദൈവമെന്ന സങ്കല്‍പ്പത്തെ വിശ്വസിക്കാനും ആരാധിക്കാനും തുടങ്ങി. ചുരുക്കി പറഞ്ഞാല്‍ ഒരേ ചിന്ത പല ഭാവത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ വ്യത്യസ്ഥ മതങ്ങള്‍ ഉണ്ടായി. മനുഷ്യ നന്മക്കായി പിറവി കൊണ്ട മതങ്ങള്‍ തന്നെ മനുഷ്യകുലത്തിന്‌ ഭീഷണിയുമായി.

തുടക്കത്തില്‍ പറഞ്ഞത്‌ പോലെ ഒരേ മണ്ണിന്‌ വിവിധ നാമങ്ങള്‍ എന്ന പോലെ ഒരേ സങ്കല്‍പ്പത്തിന്‌ വിവിധ രൂപഭാവങ്ങള്‍ . മതത്തിന്റെ അടിസ്ഥാനം തന്നെ ഇതായിരിക്കെ എന്തുകൊണ്ടാണ്‌ നമ്മള്‍ മതത്തിന്റെ പേരില്‍ പോരടിക്കുന്നത്‌...?

വല്ലാത്തൊരു ദുശ്ശാഠ്യമാണ്‌ നമുക്ക്‌. നാം വിശ്വസിക്കുകയും ശീലിക്കുകയും ചെയ്യുന്ന അതേ രീതി തന്നെ മറ്റുള്ളവരും പിന്തുടരണമെന്ന വാശി. അനുതാപം (empathy) എന്ന വികാരം ഇല്ലാതെ പോകുന്നത്‌ കൊണ്ടാണ്‌ പല പ്രശ്നങ്ങളും നമുക്കിടയില്‍ ഉടലെടുക്കുന്നത്‌. നമുക്ക്‌ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യണമെന്ന് വാശി പിടിക്കാന്‍ നമുക്ക്‌ എന്ത്‌ അധികാരമാണുള്ളത്‌? ഒരാള്‍ മറ്റൊരു രീതിയില്‍ അയാളുടെ വിശ്വാസങ്ങള്‍ പ്രകടിപ്പിച്ചാല്‍ , അയാള്‍ നമുക്ക്‌ വെറുക്കപ്പെട്ടവനായി തീരുന്നു.

പരസ്പരം രക്തം ചിന്തുന്നതിന്‌ മുമ്പ്‌ ഈ പ്രകൃതിയെ നോക്കി പഠിക്കാന്‍ നമുക്ക്‌ കഴിഞ്ഞിരുന്നെങ്കില്‍ ! എല്ലാ ജീവജാലങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന പ്രകൃതി ഒരു മതവും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമാണെന്ന് തെളിയിച്ചിട്ടില്ല. നമ്മുടെ വിശ്വാസമാണ്‌ മഹത്തരമെന്നും നമ്മള്‍ വ്യത്യസ്തരാണെന്നും അഹങ്കരിക്കുന്നതിന്‌ മുമ്പ്‌ ഇതൊക്കെ ചിന്തിക്കാന്‍ കഴിയുമെങ്കില്‍ എത്ര രാഷ്ട്രീയക്കളികള്‍ നടത്തിയാലും എത്ര നിന്ദ്യമായ തീവ്രവാദ പ്രചരണങ്ങള്‍ ഉണ്ടായാലും നമ്മള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയും.

ഒരു നല്ല വിശ്വാസിയാകാന്‍ എല്ലാവര്‍ക്കും സാധിക്കും... എന്നാല്‍ ഒരു നല്ല മനുഷ്യനാകാന്‍ നല്ല മനസ്സിന്റെ ഉടമക്കേ കഴിയൂ.

സ്വാതന്ത്ര്യത്തിന്റെ അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ തികയുന്ന ഈ വേളയിലെങ്കിലും നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതദ്വേഷമെന്ന വടവൃക്ഷത്തെ വേരോടെ പിഴുതെറിയാം. നല്ല മനുഷ്യരായി ഉത്തമ പൗരന്മാരായി വളരാന്‍ പുതു തലമുറയെ നമുക്ക്‌ പഠിപ്പിക്കാം. സ്വന്തം ചെയ്തികള്‍ മറ്റുള്ളവര്‍ക്ക്‌ ദ്രോഹമായി തീരാതിരിക്കാന്‍ കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ്‌ ഇപ്പോള്‍ നമ്മുടെ നാട്ടിലും ലോകത്ത്‌ പലയിടത്തും നടമാടിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌.

ജാതി, മതം, ദേശം, ഭാഷ, വംശം എന്നീ വേര്‍തിരിവുകള്‍ ഇല്ലാതെ, മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഭാവിയിലും ഇത്തരം വേര്‍തിരിവുകള്‍ കാണാന്‍ കഴിയില്ല. അങ്ങനെ നന്മ നിറഞ്ഞ ഒരു മാനവരാശിയെ നമുക്ക്‌ സ്വപ്നം കാണാം.

19 comments:

  1. ഒരു നല്ല വിശ്വാസിയാകാന്‍ എല്ലാവര്‍ക്കും സാധിക്കും... എന്നാല്‍ ഒരു നല്ല മനുഷ്യനാകാന്‍ നല്ല മനസ്സിന്റെ ഉടമക്കേ കഴിയൂ.

    ReplyDelete
  2. "ജാതി, മതം, ദേശം, ഭാഷ, വംശം എന്നീ വേര്‍തിരിവുകള്‍ ഇല്ലാതെ, മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഭാവിയിലും ഇത്തരം വേര്‍തിരിവുകള്‍ കാണാന്‍ കഴിയില്ല. അങ്ങനെ നന്മ നിറഞ്ഞ ഒരു മാനവരാശിയെ നമുക്ക്‌ സ്വപ്നം കാണാം."

    ഇത് വെറും സ്വപ്നമായി അവശേഷിക്കുമോ ഇനിയുള്ള കാലം?

    നാനാത്വത്തില്‍ ഏകത്വം എന്ന് പണ്ട് പറഞ്ഞു പഠിച്ചത്, ഇപ്പൊ തീവ്രവാദത്തിന്റെ കാര്യത്തിലെങ്കിലും പ്രാവര്‍ത്തികമാവുന്നുണ്ട്..

    സമകാലിക പ്രസക്തം... കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ !

    (ഏറെ നാളുകള്‍ക്കു ശേഷം, സ്വാതന്ത്ര്യദിനപ്പുലരിയില്‍ നീലത്താമര വീണ്ടും പൂവിട്ടു കണ്ടതില്‍ സന്തോഷം... ആശംസകളോടെ..)

    ReplyDelete
  3. അതെ...എല്ലാര്‍ക്കും ഗോസിപ്പുകളും വില കുറഞ്ഞ തമാശകളും മതി. ഇതുപോലെ എന്തെങ്കിലും എഴുതിയാലോ രാഷ്ട്രീയം എഴുതിയാലോ ഉടനെ വരും അഭിപ്രായം... "വേറെ പണിയൊന്നുമില്ലേ?" എന്ന്. വര്‍ഗീയതക്കെതിരെ എഴുതുന്നവനെ വര്‍ഗീയവാദി ആക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

    ReplyDelete
  4. നല്ല പോസ്റ്റ്!

    മനുഷ്യനാവാൻ കഴിയട്ടെ നമ്മിലെ ഓരോ മൃഗത്തിനും!

    സ്വാതന്ത്ര്യദിനാശംസകൾ!

    ReplyDelete
  5. theerchayayum, oru nalla manushyan aakan oru nalla manassinte udamaykke kazhiyoo......... swathanthryadhina aashamsakal.........

    ReplyDelete
  6. നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ!

    ReplyDelete
  7. "ഒരു നല്ല വിശ്വാസിയാകാന്‍ എല്ലാവര്‍ക്കും സാധിക്കും... എന്നാല്‍ ഒരു നല്ല മനുഷ്യനാകാന്‍ നല്ല മനസ്സിന്റെ ഉടമക്കേ കഴിയൂ......"
    ഒരു നല്ല പോസ്റ്റ്‌...
    നല്ല ചിന്ത...
    ഒരു നല്ല മനുഷ്യനാവുക, അതാകും നല്ലത്.. ഒരു നല്ല വിശ്വാസി ആകുന്നതിനേക്കാള്‍!

    ReplyDelete
  8. പോസ്റ്റ് നന്നായി.

    വൈകിയാണെങ്കിലും സ്വാതന്ത്ര്യ ദിനാശംസകള്‍!

    ഒപ്പം അഡ്വാന്‍സായി ഓണാശംസകളും :)

    ReplyDelete
  9. ജിമ്മി,
    ഡോ.ആര്‍ .കെ തിരൂര്‍ ,
    ജയന്‍ ഡോക്ടര്‍ ,
    ജയരാജ്‌ മുരിക്കിന്‍പുഴ,
    സജിം ,
    പാച്ചു,
    ശ്രീ...

    അഭിപ്രായങ്ങള്‍ക്ക്‌ നന്ദി... എല്ലാവര്‍ക്കും ഓണാശംസകള്‍ ...

    ReplyDelete
  10. നന്നായിരിക്കുന്നു

    ReplyDelete
  11. ഉന്നതവും, ശ്രേഷ്ടവും, വിശാലവുമായ ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞ നീലത്താമരയുടെ ധൈഷണികമായ അഭിപ്രായത്തെ ഹൃദയപൂര്‍വ്വം അനുകൂലിക്കുന്നു. യഥാര്‍ത്ഥ ഇശ്വര വിശ്വാസവും സാഹോദര്യ സ്നേഹവും നെഞ്ഞ്ച്ചേറ്റുന്നതിനു പകരം അന്ധമായ മത വിശ്വാസങ്ങളെ പുണര്‍ന്നും മത നേതൃത്വത്തെ ആരാധിച്ചും ജീവിക്കുന്ന സമൂഹത്തിലാണ് നാം സ്നേഹ ഗീതികള്‍ പാടുന്നത് . വരുമായിരിക്കും ആശങ്കകളില്ലാത്ത ഒരു നല്ല കാലം .
    ഓണാശംസകള്‍

    ReplyDelete
  12. ‘ജാതി, മതം, ദേശം, ഭാഷ, വംശം എന്നീ വേര്‍തിരിവുകള്‍ ഇല്ലാതെ, മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഭാവിയിലും ഇത്തരം വേര്‍തിരിവുകള്‍ കാണാന്‍ കഴിയില്ല. അങ്ങനെ നന്മ നിറഞ്ഞ ഒരു മാനവരാശിയെ നമുക്ക്‌ സ്വപ്നം കാണാം‘

    വായനയുടെ ആഴത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന നല്ല ചിന്തകളിൽ നിന്നും ഉടലെടുത്ത വാചകങ്ങൾ തന്നെ...
    നന്നായി തന്നെ എഴുതിയിരിക്കുന്നു...കേട്ടൊ

    ReplyDelete
  13. നല്ല ചിന്തയുണര്‍ത്തുന്ന പോസ്റ്റ് !
    വാചകമല്ല പ്രവര്‍ത്തിയാണ് ഉത്തമം!നന്മകള്‍ നിറയുന്ന ഒരു നാളെക്കായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം, നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി....

    ReplyDelete
  14. നല്ല പോസ്റ്റ്...

    ReplyDelete
  15. ഈ ബ്ലോഗില്‍ ഞാന്‍ ആദ്യമായി വന്നെത്തുകയാണ്.
    പക്വത വിളിച്ചോതുന്ന ഒരു ലേഖനം.ആശയം വളരെ പ്രസക്തവും. ബിന്നിപ്പിച്ചും,തമ്മിലടിപ്പിച്ചും ഭരിക്കുക,എന്ന ബ്രിടീഷ്‌ ഭരണ തന്ത്രം, അവരെക്കാള്‍ ഒരു പടി കടന്നു തീവ്രവാദം എന്ന ഖ്യാതി പരത്തി, രക്തചൊരിച്ചില്‍ ഉണ്ടാക്കി കൊണ്ട് ഭരണം പിടിച്ചടക്കാനുള്ള പൈശാചീകമായ ഒരടവ് നയമാണ് ഇന്ന് ഇന്ത്യയില്‍ അരങ്ങേറുന്നത്. അത്യാപല്‍ക്കരമായ ഈ പോക്ക് എങ്ങോട്ട്?. രാഷ്ട്രീയക്കാരും,അവരുടെ കൂലിക്കുതുകാരായ മത മേലാളന്മാരും നമ്മെ നയിക്ക്ന്നതെങ്ങോട്ടെന്നു ചിന്തിക്കാനുള്ള ബുധിയെന്കിലും നമുക്കില്ലാതാകുമ്പോള്‍,നമുക്കുള്ള അറിവും,വിദ്യാഭ്യാസവും കൊണ്ടെന്തു പ്രയോജനം?

    നല്ലൊരു ലേഖനം.തിരക്ക് കാരണം ശരിയായ വിശകലനത്തോടെ ഒരു അഭിപ്രായം പറയാന്‍ കഴിഞ്ഞില്ല, വീണ്ടും വരാം.
    ഭാവുകങ്ങളോടെ
    ---ഫാരിസ്‌

    ReplyDelete
  16. വളരെ നല്ല പോസ്റ്റ്‌..എല്ലാവരും ഒരുപോലെ ചിന്തിച്ചിരുന്നെങ്കിൽ

    ReplyDelete
  17. കാലിക പ്രസക്തമായ നല്ല പോസ്റ്റ്‌, നല്ല ചിന്തകള്‍.

    ReplyDelete
  18. നന്മകള്‍ നേരുന്നു.നല്ലൊരു നാളേക്ക്.നല്ലൊരു
    ഭാരതം എന്ന് പറയാന്‍ ധൈര്യം പോര.വെട്ടി
    മുറിക്കാന്‍ കോടാലിയുമായി ഓടി നടക്കുക അല്ലെ
    ഭ്രാന്തന്മാര്‍ ?

    ReplyDelete

നിങ്ങള്‍ക്കെന്ത്‌ തോന്നുന്നു?