Saturday, December 4, 2010

പിറന്നാള്‍

അന്ന് അമ്മയുടെ പിറന്നാളായിരുന്നു. രാവിലെ തന്നെ അയാള്‍ ക്ഷേത്രത്തില്‍ എത്തി അമ്മയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിച്ചു.

പിറന്നാള്‍ ആഘോഷം ഗംഭീരമാക്കാന്‍ നഗരത്തിലെ മുന്തിയ ഹോട്ടലില്‍ അയാളുടെയും ഭാര്യയുടെയും സുഹൃത്തുക്കള്‍ക്ക്‌ വിരുന്നൊരുക്കി.

വൈകുവോളം നീണ്ട വിരുന്നിടയില്‍ ശരണാലയത്തില്‍ കഴിയുന്ന അമ്മയെ വിളിച്ച്‌ പിറന്നാള്‍ ആശംസിക്കാനും അയാള്‍ മറന്നില്ല.

Wednesday, November 17, 2010

ഉത്സവം

"നോക്കമ്മേ... എത്ര മനോഹരമായിരിക്കുന്നു...!"

അവള്‍ക്ക്‌ സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഇതുപോലൊരു സ്വര്‍ഗ്ഗം ഭൂമിയിലുണ്ടെന്ന് ആദ്യമായി അറിയുകയായിരുന്നു അവള്‍.

ആകാശം മുട്ടെ കെട്ടിടങ്ങള്‍... നീണ്ടു പോകുന്ന പാതകള്‍... കുതിച്ചു പായുന്ന വാഹനങ്ങള്‍... ദീപങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭ... എന്തു രസം...!


കുഞ്ഞു വീടുകള്‍ മാത്രമുള്ള, ഒട്ടും വെളിച്ചമില്ലാത്ത, പൊടിക്കാറ്റടിക്കുന്ന ആ ഗ്രാമത്തില്‍ നിന്ന് ഇപ്പോഴെങ്കിലും ഇവിടെയെത്താന്‍ കഴിഞ്ഞല്ലോ. അവള്‍ സന്തോഷത്തോടെ തുള്ളിച്ചാടി അമ്മയ്ക്കരികിലെത്തി.

ഈ അമ്മയ്ക്ക്‌ എന്താ പറ്റിയത്‌...? ഗ്രാമത്തില്‍ നിന്നും പുറപ്പെട്ട നിമിഷം മുതല്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്‌. ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും ഒന്നും ഒരു സന്തോഷവുമില്ല. ഇവര്‍ക്കൊക്കെ എന്താ പറ്റിയത്‌...? നാളെ ഉത്സവമാണെന്ന ഒരു ചിന്തയുമില്ല.

പെട്ടെന്ന് അവരുടെ വണ്ടി ഒരു വലിയ മാളികയുടെ മുറ്റത്ത്‌ നിര്‍ത്തി. നിറയെ മരങ്ങളും പൂച്ചെടികളും ഉള്ള പൂന്തോട്ടം കണ്ടപ്പോഴേ അവള്‍ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. എല്ലാം ആദ്യമായി കാണുകയായിരുന്നു അവള്‍. അന്ന് മുഴുവന്‍ അവള്‍ ആ പൂന്തോട്ടത്തില്‍ കളിച്ചു നടന്നു.

പിറ്റേന്ന് പ്രഭാതത്തില്‍ അമ്മയുടെ വാത്സല്യത്തോടെയുള്ള വിളി കേട്ടാണ്‌ അവള്‍ ഉണര്‍ന്നത്‌. പുത്തനുടുപ്പുകള്‍ അണിഞ്ഞ്‌ പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക്‌ അവള്‍ ഓടിച്ചെന്നു. പുതിയ കൂട്ടുകാര്‍ക്കൊപ്പം എത്ര കളിച്ചിട്ടും അവള്‍ക്ക്‌ മതിയായില്ല.

അമ്മയുടെ വിളി കേട്ട്‌ അല്‍പ്പം ദ്വേഷ്യത്തോടെയാണെങ്കിലും അവള്‍ ഓടിച്ചെന്നു. അമ്മ അവളെ കെട്ടിപ്പിടിച്ച്‌ നെറുകയില്‍ ഉമ്മ വച്ചു.

"അമ്മേ, എന്തിനാ ഇങ്ങനെ കരയുന്നത്‌...? എത്ര സന്തോഷമുള്ള ദിവസമാണിന്ന്... ഇന്ന് ഉത്സവമല്ലേ... എന്നിട്ടും അമ്മ എന്തിനാണിങ്ങനെ കരയുന്നത്‌...?"

"എന്റെ കുഞ്ഞേ... അമ്മ പോകട്ടെ...?"

"പോകാനോ...! അമ്മ എങ്ങോട്ടാണ്‌ പോകുന്നത്‌...?"

"ഇന്ന് ഉത്സവമല്ലേ... എന്നെ കൊണ്ടുപോകാന്‍ അവര്‍ വരുന്നുണ്ട്‌..."

"ആരാ അമ്മേ...?" അവള്‍ക്ക്‌ ഒന്നും മനസ്സിലായില്ല.

അമ്മയ്ക്ക്‌ അവളുടെ ചോദ്യത്തിന്‌ മറുപടി നല്‍കാന്‍ കഴിയും മുമ്പേ മൂര്‍ച്ചയേറിയ ഒരു കത്തി വായുവില്‍ ഉയര്‍ന്ന് താണു.

മനുഷ്യരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ആ കുഞ്ഞാടിന്റെ ദീനരോദനം അലിഞ്ഞില്ലാതായി.

Sunday, August 15, 2010

ഇന്ത്യ, ഹിന്ദുസ്ഥാന്‍, ഭാരതം - ചില സ്വാതന്ത്ര്യ ദിന ചിന്തകള്‍

ഇന്ത്യ, ഹിന്ദുസ്ഥാന്‍, ഭാരതം ...

ഇതെല്ലാം നമ്മുടെ രാജ്യത്തിന്റെ വിവിധ നാമങ്ങളല്ലേ, ഇതിലെന്താണിത്ര പറയാനുള്ളത്‌...?

അതേ... ഒരേ മണ്ണിന്റെ വിവിധ നാമങ്ങള്‍ . ഏത്‌ പേര്‍ വിളിച്ചാലും ഈ രാജ്യത്തിന്‌ ഒരു വ്യത്യാസവുമില്ല. അപ്പോള്‍ ഏത്‌ പേരില്‍ അറിയപ്പെട്ടാലും ഈ മണ്ണ്‌ എല്ലാ മതവിഭാഗങ്ങളിലും പെട്ട ഇന്ത്യാക്കാര്‍ക്കും ഒരു പോലെ അവകാശപ്പെട്ടതല്ലേ? അതേ, കാരണം അവര്‍ അറിയപ്പെടുന്നത്‌ ഇന്ത്യന്‍ പൗരന്മാര്‍ എന്നാണ്‌. പിന്നെ എന്തുകൊണ്ടാണ്‌ നമ്മുടെ രാജ്യത്ത്‌ മതത്തിന്റെ പേരില്‍ ഇത്രയും രക്തച്ചൊരിച്ചില്‍ ഉണ്ടാകുന്നത്‌?...


ഇരുനൂറ്‌ വര്‍ഷങ്ങളോളം നമ്മെ അടിമകളാക്കി നമ്മുടെ കാര്‍ഷിക വ്യാവസായിക സാമ്പത്തിക രംഗങ്ങളിലെല്ലാം കൊള്ള നടത്തിയ വെള്ളക്കാരെ നാട്‌ കടത്തിയിട്ട്‌ ഇപ്പോള്‍ അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ തികയുന്നു. എന്നാല്‍ അവര്‍ നമ്മുടെ മനസ്സില്‍ പാകി മുളപ്പിച്ച മതദ്വേഷത്തിന്റെ (മതങ്ങള്‍ തമ്മിലുള്ള വിദ്വേഷം) വിത്ത്‌ ഇന്നിപ്പോള്‍ വളര്‍ന്ന് വലുതായി നമ്മുടെ രാജ്യത്തിന്റെ അടിത്തറ തന്നെ ഇളക്കാന്‍ തുടങ്ങുകയാണ്‌.

സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന ജനവിഭാഗങ്ങളുടെ ഇടയില്‍ വിദ്വേഷവും അരക്ഷിതാവസ്ഥയും വളര്‍ത്തി അവരെ ഭിന്നിപ്പിച്ച്‌ ഭരിക്കാന്‍ വെള്ളക്കാര്‍ കണ്ടുപിടിച്ച അതേ മാര്‍ഗ്ഗം തന്നെയാണ്‌ തങ്ങളുടെ അധികാരം നിലനിര്‍ത്താനായി ഇന്നത്തെ രാഷ്ട്രീയക്കാരും ആയുധമായി ഉപയോഗിക്കുന്നത്‌. അതായത്‌ മതദ്വേഷം വളര്‍ത്തുക. ഭരണഘടന അനുസരിച്ച്‌ ഭരണത്തില്‍ മതത്തിന്‌ സ്വാധീനം പാടില്ലെന്നാണ്‌. പക്ഷേ, ഇപ്പോള്‍ ഭരണം ഉറപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ ആയുധമാക്കുന്നത്‌ മതത്തെയാണ്‌. മതവും രാഷ്ട്രീയവും ഇരട്ട സഹോദരങ്ങളായി മാറിയിരിക്കുന്നു ഇന്ന്. ഒന്നില്ലാതെ മറ്റൊന്നിന്‌ നിലനില്‍പ്പില്ലാത്ത അവസ്ഥ.

ഇവര്‍ക്ക്‌ കൂട്ടിന്‌ മറ്റൊരു കൂട്ടരും ഉണ്ട്‌. തങ്ങളുടെ നിലപാടിന്‌ എതിര്‌ നിന്നാല്‍ രക്തം ചിന്താന്‍ മടിക്കാത്ത, മതതീവ്രവാദികള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം. തങ്ങളുടെ മതത്തിന്‌ വേണ്ടി എന്ന് ആക്രോശിക്കുമ്പോഴും ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യം അധികാരവും സമ്പത്തുമാണ്‌. അതിന്‌ വേണ്ടിയുള്ള അത്യാര്‍ത്തിയാണ്‌ ഇപ്പോള്‍ അവര്‍ ചെയ്തുകൂട്ടുന്ന നരഹത്യകള്‍ക്ക്‌ നിദാനം. മോഷണവും ഗുണ്ടായിസവുമായി നടക്കുന്നവര്‍ക്ക്‌ സമ്പത്തുണ്ടാക്കാന്‍ എളുപ്പവഴി ഒരു മതതീവ്രവാദി ആകുക എന്നതാണ്‌. കസബിന്റെയും കശ്മീരില്‍ പിടിയിലായ മലയാളി യുവാക്കളുടെയും മൊഴികള്‍ അതാണ്‌ വ്യക്തമാക്കുന്നത്‌.

എന്നാല്‍ , എല്ലാ വിഭാഗം മതതീവ്രവാദികളുടെയും പിന്നില്‍ നിന്ന് ചരട്‌ വലിക്കുന്നത്‌ ഒരേ കേന്ദ്രത്തില്‍ നിന്നുള്ളവരാണെന്ന് അറിയുമ്പോഴാണ്‌ ഈ വിപത്തിന്റെ ആഴം മനസ്സിലാകുന്നത്‌. പക്ഷേ, ഇതൊന്നും ചിന്തിക്കാന്‍ നമുക്ക്‌ താല്‍പര്യമില്ലെന്ന് മാത്രം.

എന്തുകൊണ്ടാണ്‌ നമ്മള്‍ ഇവരുടെ കൈകളിലെ കളിപ്പാട്ടങ്ങളായി മാറുന്നത്‌? നമ്മുടെ ചിന്താശക്തി നശിച്ചുപോയോ...?

മതവികാരം വ്രണപ്പെട്ടുവെന്ന് ആക്രോശിച്ച്‌ പരസ്പരം രക്തം ചിന്തുമ്പോള്‍ , എന്തിന്‌ വേണ്ടിയാണ്‌ നമ്മുടെ സഹജീവികളെ കുരുതി കൊടുക്കുന്നതെന്ന് ചിന്തിക്കാന്‍ നമുക്ക്‌ കഴിയാതെ പോകുന്നത്‌ എന്തുകൊണ്ടാണ്‌...?

മതവിശ്വാസിയോ അവിശ്വാസിയോ ആയിരിക്കുന്നത്‌ വ്യക്തിപരമായ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയാണ്‌. ദുര്‍ബലമനസ്കര്‍ക്ക്‌ ശക്തി പകരാനും ദു:ഷ്ടമനസ്കരെ നേര്‍വഴിക്ക്‌ നടത്താനും അടിയുറച്ച ഈശ്വരവിശ്വാസം വലിയൊരു അളവ്‌ വരെ സഹായിക്കുന്നു.

പുരാതനകാലം തൊട്ടേ മനുഷ്യന്‍, തന്നെ ഭയപ്പെടുത്തിയിരുന്നതിനെയും തനിക്ക്‌ അപ്രാപ്യമായിരുന്നതിനെയുമൊക്കെ ആരാധിക്കുവാന്‍ തുടങ്ങി. സൂര്യന്‍, ചന്ദ്രന്‍, വായു, ജലം, അഗ്നി ഇവയെല്ലം അവന്റെ ആരാധനാ പാത്രങ്ങളായിരുന്നു. സാംസ്കാരിക മുന്നേറ്റത്തോടൊപ്പം മനുഷ്യന്‍ തന്റെ ആരാധനാ പാത്രങ്ങള്‍ക്ക്‌ രൂപവും ഭാവവും നല്‍കിത്തുടങ്ങി. കോപിഷ്ടരും സ്നേഹസ്വരൂപികളുമായി ദൈവങ്ങളുടെ ഒരു ഘോഷയാത്ര തന്നെ അങ്ങനെ രൂപം കൊണ്ടു. തങ്ങള്‍ക്ക്‌ സ്വീകാര്യമായ രൂപത്തിലും ഭാവത്തിലും ആരാധനാക്രമങ്ങളിലുമൊക്കെ അവന്‍ അടിയുറച്ച്‌ വിശ്വസിക്കുവാന്‍ തുടങ്ങി. തെറ്റ്‌ ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നും നല്ല കര്‍മ്മങ്ങള്‍ക്ക്‌ പുണ്യം ലഭിക്കുമെന്നും വിശ്വസിക്കുവാന്‍ ശീലിച്ചു. സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്ഥമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ആരാധനയോടെ നോക്കിത്തുടങ്ങിയ അവര്‍ ക്രമേണ അവരെ തങ്ങള്‍ വിശ്വസിക്കുന്ന, എന്നാല്‍ കാണാന്‍ കഴിയാതിരുന്ന ദൈവങ്ങളുടെ പ്രതിരൂപമായി കാണുവാന്‍ തുടങ്ങി.

എന്നാല്‍ , ഇവിടെയാണ്‌ പ്രശ്നങ്ങളുടെ തുടക്കം. ഒരു കൂട്ടം ജനങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന രൂപത്തില്‍ വിശ്വസിക്കാന്‍ മറ്റ്‌ മനുഷ്യര്‍ തയ്യാറായിരുന്നില്ല. അവര്‍ മറ്റ്‌ രൂപങ്ങളിലും ഭാവങ്ങളിലും തങ്ങളുടെ ദൈവമെന്ന സങ്കല്‍പ്പത്തെ വിശ്വസിക്കാനും ആരാധിക്കാനും തുടങ്ങി. ചുരുക്കി പറഞ്ഞാല്‍ ഒരേ ചിന്ത പല ഭാവത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ വ്യത്യസ്ഥ മതങ്ങള്‍ ഉണ്ടായി. മനുഷ്യ നന്മക്കായി പിറവി കൊണ്ട മതങ്ങള്‍ തന്നെ മനുഷ്യകുലത്തിന്‌ ഭീഷണിയുമായി.

തുടക്കത്തില്‍ പറഞ്ഞത്‌ പോലെ ഒരേ മണ്ണിന്‌ വിവിധ നാമങ്ങള്‍ എന്ന പോലെ ഒരേ സങ്കല്‍പ്പത്തിന്‌ വിവിധ രൂപഭാവങ്ങള്‍ . മതത്തിന്റെ അടിസ്ഥാനം തന്നെ ഇതായിരിക്കെ എന്തുകൊണ്ടാണ്‌ നമ്മള്‍ മതത്തിന്റെ പേരില്‍ പോരടിക്കുന്നത്‌...?

വല്ലാത്തൊരു ദുശ്ശാഠ്യമാണ്‌ നമുക്ക്‌. നാം വിശ്വസിക്കുകയും ശീലിക്കുകയും ചെയ്യുന്ന അതേ രീതി തന്നെ മറ്റുള്ളവരും പിന്തുടരണമെന്ന വാശി. അനുതാപം (empathy) എന്ന വികാരം ഇല്ലാതെ പോകുന്നത്‌ കൊണ്ടാണ്‌ പല പ്രശ്നങ്ങളും നമുക്കിടയില്‍ ഉടലെടുക്കുന്നത്‌. നമുക്ക്‌ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യണമെന്ന് വാശി പിടിക്കാന്‍ നമുക്ക്‌ എന്ത്‌ അധികാരമാണുള്ളത്‌? ഒരാള്‍ മറ്റൊരു രീതിയില്‍ അയാളുടെ വിശ്വാസങ്ങള്‍ പ്രകടിപ്പിച്ചാല്‍ , അയാള്‍ നമുക്ക്‌ വെറുക്കപ്പെട്ടവനായി തീരുന്നു.

പരസ്പരം രക്തം ചിന്തുന്നതിന്‌ മുമ്പ്‌ ഈ പ്രകൃതിയെ നോക്കി പഠിക്കാന്‍ നമുക്ക്‌ കഴിഞ്ഞിരുന്നെങ്കില്‍ ! എല്ലാ ജീവജാലങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന പ്രകൃതി ഒരു മതവും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമാണെന്ന് തെളിയിച്ചിട്ടില്ല. നമ്മുടെ വിശ്വാസമാണ്‌ മഹത്തരമെന്നും നമ്മള്‍ വ്യത്യസ്തരാണെന്നും അഹങ്കരിക്കുന്നതിന്‌ മുമ്പ്‌ ഇതൊക്കെ ചിന്തിക്കാന്‍ കഴിയുമെങ്കില്‍ എത്ര രാഷ്ട്രീയക്കളികള്‍ നടത്തിയാലും എത്ര നിന്ദ്യമായ തീവ്രവാദ പ്രചരണങ്ങള്‍ ഉണ്ടായാലും നമ്മള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയും.

ഒരു നല്ല വിശ്വാസിയാകാന്‍ എല്ലാവര്‍ക്കും സാധിക്കും... എന്നാല്‍ ഒരു നല്ല മനുഷ്യനാകാന്‍ നല്ല മനസ്സിന്റെ ഉടമക്കേ കഴിയൂ.

സ്വാതന്ത്ര്യത്തിന്റെ അറുപത്തിമൂന്ന് വര്‍ഷങ്ങള്‍ തികയുന്ന ഈ വേളയിലെങ്കിലും നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതദ്വേഷമെന്ന വടവൃക്ഷത്തെ വേരോടെ പിഴുതെറിയാം. നല്ല മനുഷ്യരായി ഉത്തമ പൗരന്മാരായി വളരാന്‍ പുതു തലമുറയെ നമുക്ക്‌ പഠിപ്പിക്കാം. സ്വന്തം ചെയ്തികള്‍ മറ്റുള്ളവര്‍ക്ക്‌ ദ്രോഹമായി തീരാതിരിക്കാന്‍ കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ്‌ ഇപ്പോള്‍ നമ്മുടെ നാട്ടിലും ലോകത്ത്‌ പലയിടത്തും നടമാടിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌.

ജാതി, മതം, ദേശം, ഭാഷ, വംശം എന്നീ വേര്‍തിരിവുകള്‍ ഇല്ലാതെ, മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഭാവിയിലും ഇത്തരം വേര്‍തിരിവുകള്‍ കാണാന്‍ കഴിയില്ല. അങ്ങനെ നന്മ നിറഞ്ഞ ഒരു മാനവരാശിയെ നമുക്ക്‌ സ്വപ്നം കാണാം.

Thursday, April 29, 2010

നമുക്ക്‌ ജീവിക്കാം

അപ്രതീക്ഷിതമായി നടന്‍ ശ്രീനാഥിന്റെ മരണം അറിഞ്ഞപ്പോള്‍ വല്ലാത്ത നൊമ്പരമാണ്‌ മനസ്സിനുണ്ടായത്‌. എന്നാല്‍, ജീവിതം എന്താണെന്ന് അറിയാന്‍ തുടങ്ങിയപ്പോള്‍ തന്നെ അനാഥത്വത്തിന്റെ കയ്പ്പ്‌ രുചിക്കേണ്ടിവന്ന അദ്ദേഹത്തിന്റെ മകന്റെ മുഖമാണ്‌ കൂടുതല്‍ വേദനിപ്പിച്ചത്‌. അത്തരം അനുഭവങ്ങളിലൂടെ കടന്ന് പോയവര്‍ക്ക്‌ ഒരിക്കലും മറക്കാന്‍ കഴിയില്ല ഈ കുഞ്ഞുമുഖങ്ങളെ.

ഇപ്പോള്‍ സ്ഥിരം വാര്‍ത്തകളായി മാറിയിരിക്കുന്നു ആത്മഹത്യകളൂം കൂട്ടമരണങ്ങളും. എല്ലാ മരണങ്ങളും ദുഃഖകരമാണെങ്കിലും മനഃപൂര്‍വ്വമുള്ള മരണങ്ങള്‍ വേദനയോടൊപ്പം കുറ്റബോധവും ഉളവാക്കുന്നു. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്ന കുഞ്ഞുമുഖങ്ങള്‍ മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു. ലാളിച്ച കരങ്ങള്‍ തന്നെ മരണക്കുരുക്ക്‌ തീര്‍ക്കുമ്പോള്‍ ആ കുഞ്ഞുമനസ്സുകളുടെ നൊമ്പരങ്ങള്‍ ജീവിച്ചിരിക്കുന്നവരെ വേട്ടയാടുകതന്നെ ചെയ്യും. തങ്ങള്‍ക്ക്‌ ജീവിക്കാന്‍ കൊള്ളാത്ത ലോകത്ത്‌ മക്കളെ ഒറ്റയ്ക്കാക്കാതിരിക്കാന്‍ വേണ്ടിയാകാം മാതാപിതാക്കളുടെ ഈ ക്രൂരത.

തങ്ങളുടെ പ്രശ്നങ്ങള്‍ മറ്റാരോടും പറയാന്‍ കഴിയാതെ ജീവിതത്തില്‍ നിന്നും ഒളിച്ചോടാനുള്ള എളുപ്പവഴിയായിട്ടാണ്‌ ആത്മഹത്യയെ ഇവര്‍ കാണുന്നത്‌. അത്രയ്ക്കും ദുഷ്ടത നിറഞ്ഞതാണോ ഈ ലോകം?

നല്ല കുടുംബാന്തരീക്ഷം, നല്ല സുഹൃദ്ബന്ധങ്ങള്‍ ഇവയൊക്കെ നമ്മള്‍ തന്നെ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്‌. ലോകത്ത്‌ വച്ചേറ്റവും വിശ്വസിക്കാവുന്നതും പവിത്രവുമായ സുഹൃദ്ബന്ധം ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയിലാണെന്ന സത്യം മിക്ക ദമ്പതിമാരും മറന്നുപോകുന്നു. തങ്ങള്‍ക്കിടയിലെ സ്നേഹവും വിശ്വാസവും പ്രണയവുമെല്ലാം എപ്പോഴും കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന ദമ്പതിമാര്‍ക്ക്‌ എത്ര വലിയ പ്രശ്നങ്ങളേയും സധൈര്യം നേരിടാന്‍ കഴിയും.

പക്ഷേ, വില കൊടുത്ത്‌ വാങ്ങിക്കുന്ന ദാമ്പത്യം കെട്ടിപ്പടുക്കുന്നവര്‍ക്കിടയില്‍ സ്നേഹത്തിന്‌ രണ്ടാം സ്ഥാനമേ ലഭിക്കാറുള്ളൂ. ഈഗോയിസവും (ഞാനെന്ന ഭാവം) സംശയരോഗവും കൂടി ചേരുമ്പോള്‍ പ്രശ്നങ്ങള്‍ക്ക്‌ മേല്‍ പ്രശ്നങ്ങളായിരിക്കും. ഒരു പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുന്ന ഇവര്‍ക്ക്‌ തങ്ങളുടെ പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ബുദ്ധിമുട്ടാകും. അപ്പോള്‍ പിന്നെ എളുപ്പവഴി കണ്ടെത്തുകയാണ്‌ ഉചിതമെന്ന് തോന്നും.

സമ്പത്തും ജീവിത സൗകര്യങ്ങളും ഏറുമ്പോള്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാകാറുണ്ടെന്ന് തോന്നുന്നു. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ക്കായി പരക്കം പാഞ്ഞ്‌ ജീവിക്കാന്‍ മറക്കുകയാണോ നമ്മള്‍? ഇന്നത്തെ ഈ തിരക്ക്‌ പിടിച്ച ജീവിതത്തില്‍ കുടുംബാംഗങ്ങള്‍ക്ക്‌ പോലും പരസ്പരം നോക്കി ഹൃദ്യമായി ഒന്ന് പുഞ്ചിരിക്കാന്‍ കഴിയാറുണ്ടോ? എവിടേക്കാണ്‌ നമ്മുടെ ഈ ഓട്ടം? അവസാനം ഓട്ടം നിര്‍ത്തേണ്ട സമയത്ത്‌ ജീവിക്കാന്‍ മറന്ന കുറ്റബോധമായിരിക്കുമോ ബാക്കിയാകുന്നത്‌?

വിശ്രമമില്ലാതെ പണത്തിന്‌ വേണ്ടി നെട്ടോട്ടമോടുന്നവരോട്‌ എന്തിന്‌ വേണ്ടിയെന്ന് ചോദിച്ചാല്‍ കിട്ടുന്ന മറുപടി, കുടുംബത്തിന്‌ മെച്ചപ്പെട്ടൊരു ചുറ്റുപാടും വയസ്സുകാലത്ത്‌ സമാധാനമായിട്ടൊരു ജീവിതമെന്നുമായിരിക്കും.

അപ്പോള്‍ നമ്മുടെ മനോഹരമായ ചെറുപ്പകാലം ഹോമിച്ച്‌ മരണത്തോട്‌ അടുക്കുന്ന കാലത്താണോ ജീവിക്കേണ്ടത്‌? കുടുംബത്തിന്‌ മെച്ചപ്പെട്ട ജീവിത സാഹചര്യം - ഇവിടെയാണ്‌ പ്രശ്നം. എത്രത്തോളം മെച്ചപ്പെട്ടത്‌ എന്നതിനെ ആശ്രയിച്ചിരിക്കും സമ്പത്തിന്‌ വേണ്ടിയുള്ള നെട്ടോട്ടം. എത്ര കിട്ടിയാലും വീണ്ടും കുറച്ചുകൂടി എന്ന ചിന്താഗതിയാണ്‌ കുടുംബത്തിനുള്ളതെങ്കില്‍ പറയുകയും വേണ്ട. ഇന്നിപ്പോള്‍ ഭാവിതലമുറകള്‍ക്കായി സമ്പാദിച്ച്‌ വയ്ക്കുന്നതിലാണ്‌ നമുക്ക്‌ താല്‍പ്പര്യം.

ആഗ്രഹമാണ്‌ എല്ലാ ദുഃഖങ്ങള്‍ക്കും ഉറവിടമെന്നാണ്‌ ബുദ്ധവചനം. പക്ഷേ, ആഗ്രഹവും കടന്ന് അത്യാഗ്രഹത്തില്‍ എത്തി നില്‍ക്കുന്ന നമുക്ക്‌ ഇനിയെങ്കിലും ജീവിതം നശ്വരമാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഓട്ടത്തിന്റെ ആക്കം കുറച്ച്‌, ലഭിക്കുന്ന ഓരോ ദിവസവും പുണ്യദിനമായി കരുതി ഒരു ചെറുപുഞ്ചിരിയോടെ ജീവിതത്തെ അഭിമുഖീകരിക്കാം.

തങ്ങള്‍ക്കുള്ളതിനേക്കാള്‍ പ്രശ്നങ്ങള്‍ ഉള്ളവരും വേദനിക്കുന്നവരും ലോകത്ത്‌ ധാരാളമുണ്ടെന്ന സത്യം മനസ്സിലാക്കിയാല്‍ ആയുസ്സിന്റെ പകുതി വച്ച്‌ ജീവിതം നുള്ളിക്കളയാന്‍ ഒരാള്‍ക്കും തോന്നില്ല.

ഈ ലോകം മനോഹരമാണ്‌... നമ്മള്‍ സന്തോഷത്തോടും സംതൃപ്തിയോടും കൂടി നോക്കുകയാണെങ്കില്‍...

Friday, March 12, 2010

വീണ്ടും ചില ആശ്രമ വിശേഷങ്ങള്‍

ഇപ്രാവശ്യം വിശേഷങ്ങള്‍ വന്നത്‌ അങ്ങ്‌ കര്‍ണ്ണാടകത്തില്‍ നിന്നാണ്‌. "ബിഡതി നിത്യാനന്ദ ജ്ഞാനപീഠം മഠാധിപതി സ്വാമി നിത്യാനന്ദ" എന്ന വിരുതനാണ്‌ കഥാനായകന്‍.

ഇദ്ദേഹത്തിന്റെ ചില വിശേഷങ്ങള്‍ ടി.വി യില്‍ കൂടി ജനം അറിഞ്ഞതോടെ നില്‍ക്കക്കള്ളിയില്ലാതെ ഓടുകയാണ്‌ മഹാന്‍. ജനം ആശ്രമത്തിന്‌ തീ വച്ചതായും വാര്‍ത്തയുണ്ട്‌.

കുറച്ച്‌ കാലം മുമ്പ്‌ നമ്മുടെ കേരളത്തിലും പല രൂപത്തിലും ഭാവത്തിലുമുള്ള ദിവ്യന്മാരുടെ ഘോഷയാത്ര തന്നെയുണ്ടായിരുന്നു. തോക്കേന്തിയും കാസറ്റ്‌ പിടിച്ചുമൊക്കെ പല വേഷങ്ങള്‍...

അന്നത്തെ തിരയിളക്കത്തില്‍ ഒഴുകി പോകാത്ത പല ദിവ്യാത്മാക്കളും വടവൃക്ഷമായി പടര്‍ന്ന് പന്തലിച്ച്‌ ലോകം മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞു. ഇവരുടെ യഥാര്‍ത്ഥ മുഖം ആരെങ്കിലും പുറത്ത്‌ കൊണ്ടുവരാന്‍ നോക്കിയാല്‍ വിവരം അറിയും അതിന്‌ ശ്രമിക്കുന്നവര്‍. അത്രമാത്രം ശക്തിയുള്ള സമാന്തര ദൈവങ്ങളായിക്കഴിഞ്ഞിരിക്കുന്നു അവര്‍.

പണ്ടൊക്കെ നൂറ്റാണ്ടുകള്‍ കൊണ്ടായിരുന്നു ഒരാള്‍ ദിവ്യനായിരുന്നതും മഹത്വവല്‍ക്കരിക്കപ്പെട്ടിരുന്നതും. വേഗതയുടെ കാലം ആയത്‌ കൊണ്ടാകാം, ഇപ്പോള്‍ ഒറ്റ ദിവസം മതി ഒരാള്‍ക്ക്‌ ദൈവപുരുഷനോ അമ്മദൈവമോ ആകാന്‍. കുറച്ച്‌ അനുയായികളും ഒരു ആശ്രമവും ദിവ്യത്വം തോന്നിപ്പിക്കുന്ന വസ്ത്രധാരണവും, പിന്നെ വായില്‍ കൊള്ളാത്ത ഒരു നാമവും മതി... അത്ര മതി, പിന്നെ താമസമുണ്ടാകില്ല ദിവ്യാത്മാക്കളുടെ വചനങ്ങള്‍ക്ക്‌ കാതോര്‍ത്ത്‌ ജനങ്ങളെത്താന്‍. ഒരദ്ധ്വാനവും ഇല്ലാതെ ലഭിക്കുന്ന കോടിക്കണക്കിന്‌ സ്വത്തിലൊരംശം ദാനകര്‍മ്മങ്ങള്‍ക്ക്‌ കൂടി ചെലവഴിച്ചാല്‍ പിന്നെ പറയുകയും വേണ്ട, ജനങ്ങള്‍ വാഴ്ത്തി പാടിക്കൊള്ളും.

ഇവരുടെ ആശ്രമങ്ങളില്‍ നിത്യസന്ദര്‍ശകരായി എത്തുന്നത്‌ സാധാരണ ജനങ്ങളേക്കാളേറെ V.VIP കള്‍ ആയിരിക്കും. പലരും ഈ ദൈവങ്ങളുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരാകും.

പലപ്പോഴും ഇത്തരം ആശ്രമങ്ങള്‍ പൊട്ടിപ്പോകുന്നത്‌ കൂടെ നില്‍ക്കുന്നവരുടെ ചതികൊണ്ടാകും. എന്തൊരു കഷ്ടമാണ്‌! ഒരു വിധം നന്നായി കാശൊക്കെ കിട്ടി, അങ്ങനെ സിംഹാസനത്തില്‍ ഉപവിഷ്ടനായി ഭക്തജനങ്ങളെ അനുഗ്രഹിച്ച്‌ സുഖിച്ച്‌ വാണരുളുമ്പോഴാണ്‌ ഏതെങ്കിലുമൊരുവന്‍ അസൂയ മൂത്ത്‌ വലിച്ച്‌ താഴെയിടുന്നത്‌. ബാക്കി പിന്നെ അന്ന് വരെ ആരാധിച്ച്‌ കൂടെ നിന്ന ജനം ചെയ്തോളും.

"രണ്ടുനാള്‍ കൊണ്ടൊരുത്തനെ ദിവ്യനാക്കുന്നതും ജനം...
സിംഹാസനത്തിലേറിയ ദിവ്യനെ തല്ലിയോടിക്കുന്നതും ജനം..."

മനഃസമാധാനത്തിനും ആഗ്രഹ സാഫല്യത്തിനും ഉള്ള എളുപ്പവഴി ആയിട്ടാണ്‌ ഇത്തരക്കാരെ ജനം വിശ്വസിക്കുന്നതും പൂജിക്കുന്നതും.

കുടുംബ ബന്ധങ്ങളിലെ വിള്ളലുകളാണ്‌ പലരെയും ഇത്തരം ആശ്രമങ്ങളില്‍ എത്തിക്കുന്നത്‌. സാന്ത്വനം തേടിയെത്തുന്ന ഇവര്‍ പലപ്പോഴും വന്‍ ചതിക്കുഴിയിലേക്കായിരിക്കും വീഴുക.

സ്വന്തം മനസ്സില്‍ നിന്ന് വരേണ്ട സമാധാനം തേടിയാണത്രേ പലരും ഇത്തരം ആശ്രമങ്ങളിലെത്തുന്നത്‌. നമ്മുടെ ചിന്തകളാണ്‌ നമുക്ക്‌ മനഃസമാധാനവും സന്തോഷവും ദുഃഖവും എല്ലാം സമ്മാനിക്കുന്നത്‌. എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്‌. പല മനഃസമാധാനക്കേടും നമ്മുടെ അത്യാഗ്രഹത്തിന്റെ ഭാഗമായിട്ടായിരിക്കും ഉടലെടുക്കുന്നത്‌.

പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌ നമ്മളാണെങ്കില്‍ പ്രശ്ന പരിഹാരവും നമ്മളില്‍ നിന്ന് തന്നെ ഉരുത്തിരിയണം. അല്ലെങ്കില്‍ കരള്‍ വീക്കം തടയാന്‍ മദ്യപാനം നിര്‍ത്തുന്നതിന്‌ പകരം കാമിലാരി കഴിക്കുന്നത്‌ പോലെയാകും.

മനസ്സിലെ സ്നേഹമാണ്‌ ദൈവമെന്ന തിരിച്ചറിവില്‍ മനുഷ്യര്‍ എത്തുന്ന കാലത്ത്‌ ഇത്തരം ദിവ്യാത്മാക്കള്‍ അപ്രസക്തരാകും.

Sunday, March 7, 2010

വിശ്വാസം... അതല്ലേ എല്ലാം...

"ദക്ഷിണാഫ്രിക്കയില്‍ ഏഴ്‌ മാസം മുമ്പ്‌ മരിച്ച ഭര്‍ത്താവ്‌ ഉയര്‍ത്തെഴുനേല്‍ക്കുമെന്ന വിശ്വാസവുമായി, മൃതദേഹം സംസ്കരിക്കാതെ ഇന്ത്യന്‍ യുവതി കാത്തിരിപ്പ്‌ തുടരുന്നു..."

ഈ പത്രവാര്‍ത്ത വായിച്ച പലരുടെയും മുഖത്ത്‌ പുച്ഛം നിറഞ്ഞ ചിരി വന്നിട്ടുണ്ടാകും. മനുഷ്യര്‍ക്ക്‌ ഇങ്ങനെയും 'വട്ട്‌' പിടിക്കുമോയെന്ന് ചിന്തിച്ചിട്ടുണ്ടാകും.

ഒരു നിമിഷം ഒന്നു ചിന്തിച്ചു നോക്കൂ. നമ്മളില്‍ പലരിലും ഇത്തരം ചില 'വട്ടുകള്‍' ഏറ്റക്കുറച്ചിലോടെ ഉണ്ടാകും, ഇല്ലേ?

ഓരോ വിശ്വാസത്തിന്റെയും അടിസ്ഥാനം എന്താണെന്ന് ചിന്തിക്കാന്‍ പോലും മെനക്കെടാതെ 'വിശ്വാസങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയുള്ളതാണെന്ന' തത്വത്തില്‍ വിശ്വസിച്ച്‌ എല്ലാം അപ്പാടെ വിഴുങ്ങുകയല്ലേ നമ്മള്‍?

ഒരു പൂച്ച നമ്മുടെ വഴിക്ക്‌ കുറുകെ ചാടിയാല്‍ ഒന്ന് അന്തിച്ചു നില്‍ക്കാത്തവര്‍ ചുരുക്കം. അപശകുനമായി കരുതി ഒരു പക്ഷേ യാത്ര പോലും വേണ്ടെന്ന് വയ്ക്കും. ആ പൂച്ചയുടെ മനസ്സില്‍ അപ്പോള്‍ എന്തായിരിക്കും ചിന്ത? ഈ മനുഷ്യന്‍ കാരണം ഇന്നത്തെ അന്നം മുട്ടിയെന്നായിരിക്കുമോ? വിശ്വാസം മനുഷ്യന്‌ മാത്രമേ പാടുള്ളൂ എന്നില്ലല്ലോ.

എന്തുകൊണ്ട്‌ നമ്മള്‍ ഓരോ വിശ്വാസങ്ങള്‍ക്കും വളരെ പെട്ടെന്ന് അടിമപ്പെടുന്നുവെന്ന് ചോദിച്ചാല്‍ ഉത്തരം വളരെ ലളിതം. കഷ്ടപ്പാടുകള്‍ കൂടാതെ എത്രയും പെട്ടെന്ന് സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കുകയെന്ന നിരുപദ്രവകരമായ ചിന്ത തന്നെയാണ്‌ ഇതിന്‌ പിന്നില്‍.

അതുകൊണ്ടല്ലേ രുചി വ്യത്യാസമുണ്ടായ കടല്‍ വെള്ളം കുടിക്കാന്‍ ബോംബെയിലെ മാഹിമില്‍ ജനം പരക്കം പാഞ്ഞത്‌. മനുഷ്യ വിസര്‍ജ്യത്തില്‍ കാണുന്ന കോളിഫോം അണുക്കളുടെ അതിപ്രസരമാണ്‌ രുചിവ്യത്യാസത്തിന്‌ കാരണമെന്ന് മനസ്സിലാക്കിയ അധികൃതര്‍ക്ക്‌ അവസാനം ജനത്തെ കടല്‍ക്കരയില്‍ നിന്ന് ഓടിക്കാന്‍ പാടുപെടേണ്ടി വന്നു.

ജനങ്ങളുടെ വിശ്വാസം മുതലെടുത്ത്‌ ബിസിനസ്‌ നടത്തുന്ന ബുദ്ധിമാന്മാരും കുറവല്ല. അതുകൊണ്ടാണല്ലോ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അക്ഷയതൃതീയ ദിനം നന്നായി ആഘോഷിക്കപ്പെടുന്നത്‌. ആ ദിവസം സ്വര്‍ണം വാങ്ങിയാല്‍ ദൈവം അനുഗ്രഹിക്കുമെന്നും സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നും ജനത്തെ വിശ്വസിപ്പിക്കാന്‍ എന്തെളുപ്പം കഴിഞ്ഞു. ദൈവങ്ങളും ഇപ്പോള്‍ കലണ്ടര്‍ നോക്കിയാണോ ഭക്തരെ അനുഗ്രഹിക്കുന്നത്‌?

ജനനം മുതല്‍ മരണം വരെ നമ്മള്‍ ഓരോരോ വിശ്വാസങ്ങള്‍ക്ക്‌ പിന്നാലെയാണ്‌. ഒരു വ്യക്തി ആര്‍ജ്ജിച്ച വിദ്യാഭ്യാസമോ, വഹിക്കുന്ന ഉന്നത സ്ഥാനമോ ഒന്നും അതിന്‌ തടസമാകുന്നില്ല. അതാണല്ലോ നമ്മുടെ ഹൈക്കോടതിയില്‍ പതിമൂന്നാം നമ്പര്‍ മുറിയുടെ അസാന്നിദ്ധ്യം തെളിയിക്കുന്നത്‌.

ആത്മവിശ്വാസക്കുറവാണോ നമ്മെ ഓരോ വിശ്വാസങ്ങളുടെയും പിന്നാലെ ഓടിക്കുന്നത്‌? എന്തിലെങ്കിലും വിശ്വസിച്ചില്ലെങ്കില്‍ നമുക്ക്‌ എന്തോ കുഴപ്പം ഉണ്ടെന്ന് ജനം കരുതുന്ന കാലമാണിത്‌.

ആത്മവിശ്വാസക്കുറവിനൊപ്പം അത്യാഗ്രഹവും ഒരുമിച്ചാല്‍ പൂര്‍ണ്ണമായി. പിന്നെ വിശ്വാസങ്ങളുടെ പെരുമഴക്കാലമായി.

Friday, February 26, 2010

നമ്മുടെ കുഞ്ഞുങ്ങള്‍

"നാല്‍പ്പത്‌ മണിക്കൂര്‍ മുള്‍മുനയില്‍, വീടിനകത്ത്‌ വെടിയുതിര്‍ത്ത യുവാവിനെ പോലീസ്‌ കീഴ്‌പ്പെടുത്തി..."

കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന വാര്‍ത്തയാണിത്‌. M.Sc Mathematics ല്‍ ഉയര്‍ന്ന മാര്‍ക്ക്‌ നേടിയ ലഖ്‌നൗ സ്വദേശി ഷമീമിന്‌ സിവില്‍ സര്‍വ്വീസിന്‌ പഠിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ അദ്ധ്യാപനവൃത്തി തെരഞ്ഞെടുക്കുവാനുള്ള കുടുംബത്തിന്റെ നിര്‍ബന്ധം കാരണം B.Ed ന്‌ ചേരുകയായിരുന്നു. സ്വന്തം താല്‍പ്പര്യത്തിന്‌ എതിരുനിന്ന കുടുംബത്തെ ശത്രുസ്ഥാനത്ത്‌ കാണാന്‍ തുടങ്ങിയ ഷമീം കുറച്ച്‌ നാളായി വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവത്രേ.

ഇത്‌ ഷമീമിന്റെ മാത്രം പ്രശ്നമല്ല. നമ്മുടെ കുഞ്ഞുങ്ങള്‍ വിഷാദരോഗികളോ ഗുണ്ടകളോ ആയിത്തീരുകയോ, അതുമല്ലെങ്കില്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയോ ചെയ്യുന്നതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് നമ്മള്‍ മാതാപിതാക്കള്‍ക്ക്‌ ഒഴിഞ്ഞു മാറാന്‍ കഴിയുമോ?...

സ്വന്തം കുഞ്ഞുങ്ങള്‍ മറ്റുള്ളവരുടെ കുഞ്ഞുങ്ങളേക്കാള്‍ ഒരു പടി മുന്നിട്ട്‌ നില്‍ക്കണമെന്ന ആഗ്രഹം നല്ലത്‌ തന്നെ. പക്ഷേ എന്ത്‌ വില കൊടുത്തും ഒന്നാം സ്ഥാനം നേടിയേ തീരൂ എന്ന വാശിയാണ്‌ അപകടം വരുത്തി വയ്ക്കുന്നത്‌.

നമ്മുടെ സ്റ്റാറ്റസ്‌ ഉയര്‍ത്തിക്കാട്ടാനുള്ള വെറും ബിംബങ്ങളാണോ മക്കള്‍? ഒരു കുഞ്ഞ്‌ ജനിക്കുമ്പോഴേ അവന്‍/അവള്‍ എന്തായി തീരണമെന്ന് മാതാപിതാക്കള്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാകും. പിന്നെ അതനുസരിച്ചായിരിക്കും കുട്ടികളെ വളര്‍ത്തുക.

ബിരുദധാരികളായ മാതാപിതാക്കള്‍ പോലും പത്താം ക്ലാസ്സിലെ പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കാനുള്ള "ധൈര്യം" കാണിക്കുന്നില്ല. തങ്ങളുടെ ആത്മവിശ്വാസക്കുറവ്‌ കാരണം വന്‍തുക ഫീസ്‌ നല്‍കി മക്കളെ ട്യൂഷന്‍ സെന്ററിലേക്ക്‌ ഓടിക്കുന്നു. ഇരട്ടി പഠനഭാരവുമായി കുട്ടികള്‍ കിതയ്ക്കുന്നു. കുട്ടി ഒന്നാം സ്ഥാനത്ത്‌ എത്തിയില്ലെങ്കില്‍ മറ്റുള്ളവരുടെ മുഖത്ത്‌ എങ്ങനെ നോക്കുമെന്ന വ്യഥയാണ്‌ പലര്‍ക്കും.

പത്താം ക്ലാസ്സ്‌ കഴിഞ്ഞാലോ, എങ്ങനെയും മെഡിസിന്‍ അല്ലെങ്കില്‍ എന്‍ജിനീയറിംഗ്‌ കോഴ്‌സിന്‌ സീറ്റ്‌ ഉറപ്പിക്കാനുള്ള നെട്ടോട്ടമാണ്‌. ഇവരുടെ ഈ അത്യാഗ്രഹം മുതലെടുത്ത്‌ കൂണ്‌ പോലെ മെഡിക്കല്‍ കോളേജുകളും എന്‍ജിനീയറിംഗ്‌ കോളേജുകളും ഉണ്ടാകുവാനും തുടങ്ങി. അത്തരം കോളേജുകള്‍ക്ക്‌ ഗവണ്മന്റ്‌ അംഗീകാരം ഉണ്ടോയെന്ന് പോലും ചിന്തിക്കാന്‍ പലരും മെനക്കെടാറില്ല. വന്‍തുക നല്‍കി ഒരു "മേടിക്കല്‍" കോളേജില്‍ സീറ്റ്‌ ഉറപ്പിച്ചാലേ മാതാപിതാക്കളുടെ വര്‍ഷങ്ങള്‍ നീണ്ട നെട്ടോട്ടത്തിന്‌ ഒരു അറുതിയുണ്ടാകുകയുള്ളൂ.

പക്ഷേ, ഇതിനിടയില്‍ നമ്മള്‍ മറന്ന് പോകുന്ന ഒരു പ്രധാന കാര്യമുണ്ട്‌. വന്‍തുക നല്‍കി നമ്മള്‍ വാങ്ങിക്കൊടുക്കുന്ന ഈ സ്ഥാനങ്ങളിലേക്ക്‌ നമ്മുടെ കുഞ്ഞുങ്ങള്‍ സന്തോഷത്തോടെയാണോ കടന്ന് ചെല്ലുന്നത്‌? അവരുടെ താല്‍പ്പര്യം എന്തായിരുന്നുവെന്ന് ഈ കടന്നുപോയ വര്‍ഷങ്ങളില്‍ എപ്പോഴെങ്കിലും നമ്മള്‍ ചോദിച്ചിട്ടുണ്ടോ? കണക്കില്‍ താല്‍പ്പര്യമില്ലാത്തവരെ എന്‍ജിനീയറിംഗ്‌ കോളേജിലും രക്തം കണ്ടാല്‍ തലകറങ്ങുന്നവരെ മെഡിക്കല്‍ കോളേജിലും പറഞ്ഞുവിട്ടാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് എത്ര അച്ഛനമ്മമാര്‍ ചിന്തിച്ചിട്ടുണ്ടാകും? ഇഷ്ടമില്ലാത്ത വിഷയം പഠിക്കേണ്ടി വരുന്ന കുട്ടികള്‍ പലപ്പോഴും പഠനം പകുതി വച്ച്‌ നിറുത്തിപ്പോകുന്നവരോ, ഒരിക്കലും ജയിക്കാനിടയില്ലാത്ത പേപ്പറുകള്‍ എഴുതിയെഴുതി മുരടിക്കുന്നവരോ ആയിത്തീരും.

ഇനിയെങ്കിലും നമുക്ക്‌ നമ്മുടെ മക്കള്‍ക്ക്‌ വേണ്ടി ചിന്തിച്ചു കൂടേ? അവര്‍ നല്ല വ്യക്തികളായി വളരാന്‍ വേണ്ട കുടുംബാന്തരീക്ഷം ഉണ്ടാക്കി കൊടുത്ത്‌ നന്മ നിറഞ്ഞവരായി വളരാന്‍ അനുവദിച്ചു കൂടേ? കുഞ്ഞുങ്ങള്‍ നമ്മളെപ്പോലെ വ്യക്തികളാണെന്നും അവര്‍ക്കും സ്വന്തം താല്‍പ്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഉണ്ടെന്നും മനസ്സിലാക്കാന്‍ ഇപ്പോഴും നമുക്ക്‌ കഴിയുന്നില്ല. കുട്ടികളുടെ സ്ഥാനത്ത്‌ നിന്ന് ചിന്തിച്ചാല്‍ അവരുടെ പല പ്രശ്നങ്ങളും മാതാപിതാക്കന്മാര്‍ക്ക്‌ തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. ഇത്‌ വഴി മക്കളുമായി ഒരു ദൃഢബന്ധം ഉണ്ടാക്കുവാന്‍ അച്ഛനമ്മമാര്‍ക്ക്‌ കഴിയും.

അവരുടെ വ്യക്തിത്വത്തെയും താല്‍പ്പര്യങ്ങളെയും മനസ്സിലാക്കി അവരോടൊപ്പം സന്തോഷത്തോടെ നമുക്കും ജീവിയ്ക്കാം. അവര്‍ തെരഞ്ഞെടുക്കുന്ന രംഗങ്ങളില്‍ അവര്‍ക്കൊപ്പം താങ്ങും തണലുമായി നമുക്ക്‌ അഭിമാനത്തോടെ നില്‍ക്കാം.

മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയല്ല, നമുക്ക്‌ വേണ്ടിയാണ്‌ നാം ജീവിക്കേണ്ടത്‌. ജീവിതം ഒന്നല്ലേയുള്ളൂ...

Saturday, February 20, 2010

വീണ്ടും ഒരു കറുത്ത ദിനം കൂടി

ഇന്ത്യന്‍ ജനതയെ ഞെട്ടിച്ചുകൊണ്ട്‌ വീണ്ടും ഒരു സ്ഫോടനം കൂടി. പൂണെയിലെ കോരെഗാവ്‌ പാര്‍ക്കിലെ പ്രശസ്തമായ ജര്‍മ്മന്‍ ബേക്കറിയിലാണ്‌ ഇക്കുറി കളി നടന്നത്‌.

"ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ..." പതിവ്‌ പോലെ കാക്കികള്‍ പാഞ്ഞത്‌ മുജാഹിദീന്റെയും സിമിയുടെയും പിന്നാലെ. എന്നാല്‍ സ്ഫോടനക്കേസിലെ ഏക ദൃക്‍സാക്ഷിയായ നേപ്പാള്‍കാരന്‍ പരശ്‌ സൂചിപ്പിച്ച 'സ്വാമി'യെ ഇതുവരെ ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലത്രേ.

സംഝോധ എക്സ്‌പ്രസ്‌ സ്ഫോടനത്തിലും മാലെഗാവ്‌ സ്ഫോടനത്തിലും തെളിഞ്ഞുകണ്ട ഹൈന്ദവ തീവ്രവാദ സംഘടനകളുടെ പങ്ക്‌ ഇവിടെയും ഉണ്ടെന്ന വാദം കാക്കികള്‍ ഗൗനിക്കുന്നതേയില്ല.

അല്ലെങ്കില്‍ത്തന്നെ പച്ചകളുടെയും കാവികളുടെയും പിന്നിലെ യഥാര്‍ത്ഥ ശക്തി ഒന്നായിരിക്കുമ്പോള്‍ അവരെ വേര്‍തിരിച്ച്‌ കാണേണ്ടതില്ലല്ലോ. FBIയുടെയും മൊസ്സാദിന്റെയും അവരെ നിയന്ത്രിക്കുന്ന ആയുധ കച്ചവടക്കാരുടെയും പങ്ക്‌ സംശയിച്ചാല്‍ പിന്നെ ഹേമന്ത്‌ കര്‍ക്കരെയുടെ അനുഭവമായിരിക്കുമല്ലോ ഉണ്ടാകുക.

ഓരോ സ്ഫോടനത്തിനു ശേഷവും വന്‍ ആയുധക്കച്ചവടമാണ്‌ നടക്കുന്നതെന്ന് എന്നാണ്‌ നമ്മള്‍ മനസ്സിലാക്കുക...?

ഓരോ സ്ഫോടനത്തിലും ഇരകളാകുന്ന നിരപരാധികളെക്കുറിച്ച്‌, അവരുടെ കുടുംബങ്ങളെക്കുറിച്ച്‌ എത്ര പേര്‍ക്ക്‌ ചിന്ത ഉണ്ടാകും...?

അതൊക്കെ ചിന്തിക്കാന്‍ നമുക്കെവിടെയാണ്‌ സമയം...? ആ സമയം കൊണ്ട്‌ അടുത്ത്‌ നില്‍ക്കുന്ന സഹോദരനെ വര്‍ഗ്ഗീയതയുടെ പേരില്‍ ഇല്ലാതാക്കുന്നതല്ലേ എളുപ്പം...